കാഞ്ചന മൊയ്തീന് ഉള്ളതാണെങ്കിൽ കോഹ്‌ലി ഹേസൽവുഡിന് ഉള്ളതാ, ഇനിയെങ്കിലും ഒന്ന് വിരമിച്ച് പോകണം എന്ന് ആരാധകർ; അതിദയനീയം ഈ കണക്കുകൾ

വിരാട് കോഹ്‌ലി- ലോക ക്രിക്കറ്റിൽ ഈ കാലഘട്ടത്തിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു താരമില്ല എന്ന് തന്നെ പറയാം. കളിയുടെ മൂന്ന് ഫോർമാറ്റിലും ഒരുപാട് വർഷകാലം ആധിപത്യം സ്ഥാപിച്ച കോഹ്‌ലി ബോളർമാരുടെ പേടി സ്വപ്നം എന്ന നിലയിൽ മാത്രമല്ല ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ബ്രാൻഡായി. എന്തായാലും ഇങ്ങനെയുള്ള താരത്തിന് അത്ര നല്ല ഒരു സമയം അല്ല ഇപ്പോൾ പ്രത്യേകിച്ച് ടെസ്റ്റ് ഫോർമാറ്റിൽ.

കഴിഞ്ഞ കിവി പരമ്പരയിൽ തീർത്തും നിരാശപ്പെടുത്തിയ കോഹ്‌ലി ഓസ്‌ട്രേലിയൻ പരമ്പരയിലേക്ക് വരുമ്പോൾ ഫോമിൽ കളിക്കുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ പരമ്പരയിലെ ആദ്യ മത്സരം പെർത്തിൽ നടക്കുമ്പോൾ തീർത്തും നിരാശപ്പെടുത്തിയ കോഹ്‌ലി 6 റൺ എടുത്ത് ഹേസൽവുഡിന് ഇരയായി മടങ്ങിയിരിക്കുകയാണ്. എക്സ്ട്രാ ബൗൺസ് ഓസ്‌ട്രേലിയൻ ബോളറെ സഹായിച്ചപ്പോൾ ടോപ് എഡ്ജ് ഖവാജയുടെ കൈയിൽ എത്തുക ആയിരുന്നു.

രാജ്യാന്തര ക്രിക്കറ്റിൽ ഇത് 10 ആം തവണയാണ് കോഹ്‌ലി ഹേസൽവുഡിന് ഇരയായി മടങ്ങുന്നത്. ടിം സൗത്തി കഴിഞ്ഞാൽ കോഹ്‌ലിയെ ഏറ്റവും കൂടുതൽ പുറത്താക്കിയ താരവുമായി മാറിയിരിക്കുകയാണ്. കോഹ്‌ലിയെ സംബന്ധിച്ച് ടീം വലിയ തകർച്ചയിൽ നിൽക്കുമ്പോൾ ഇന്ത്യയെ രക്ഷിച്ച ഇന്നിഗ്‌സുകൾ അനവധി ആണെങ്കിലും ഇത്തവണ 2 വിക്കറ്റ് നഷ്ടമായി പതറുന്ന സമയത്ത് രാഹുലിന് പിന്തുണ നല്കാൻ സാധിച്ചില്ല.

” വിരമിച്ച് പോകണം, ടീമിന് ഭാരമായി നിൽക്കരുത്”, “ബൈ ബൈ കോഹ്‌ലി” തുടങ്ങി നിരവധി ട്രോളുകളാണ് വരുന്നത്.