ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ നേടും തൂണായ താരമാണ് പേസ് ബോളർ ജസ്പ്രീത് ബുംറ. ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ താരത്തിന് ചില ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്ന റിപ്പോട്ടുകൾ വന്നിരുന്നു. എന്നാൽ ഇന്ത്യൻ ടീം ഇപ്പോൾ നില നിൽക്കുന്നതിന്റെ പ്രധാന അടിത്തറ ജസ്പ്രീത് ബുംറ ആണെന്ന് പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കർ.
സഞ്ജയ് മഞ്ജരേക്കർ പറയുന്നത് ഇങ്ങനെ:
“ഇന്ത്യൻ ക്രിക്കറ്റ് ബുംറയ്ക്ക് ആവശ്യത്തിന് വിശ്രമം നൽകുന്നുണ്ട്. മുമ്പും താനിത് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിൽ ഇന്ത്യൻ ടീം കളിച്ചതിൽ 34 ശതമാനം മത്സരങ്ങളിൽ മാത്രമെ ബുംറ ഭാഗമായിട്ടുള്ളു”. ഇതാണ് മഞ്ജരേക്കർ ഇഎസ്പിഎൻ ക്രിക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
സഞ്ജയ് മഞ്ജരേക്കർ തുടർന്നു:
“ബോർഡർ-ഗാവസ്കർ ട്രോഫിയിലെ മത്സരങ്ങൾ കാലങ്ങളോളം ആരാധകർ ഓർത്തിരിക്കുന്നതാണ്. അത്തരമൊരു പരമ്പരയിൽ ബുംറ ഇന്ത്യൻ നിരയിൽ ഉണ്ടാവണം. ചില പരമ്പരകൾ 48 മണിക്കൂറിനുള്ളിൽ എല്ലാവരും മറന്നുപോകും. അത്തരം പരമ്പരകളിൽ ബുംറയ്ക്ക് വിശ്രമം അനുവദിക്കാം” സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
അടുത്ത ടെസ്റ്റ് മത്സരം ഡിസംബർ 14 ആം തിയതി മുതൽ ഗബ്ബയിൽ വെച്ചാണ് നടക്കുന്നത്. നിലവിലെ ടീമിൽ ഒരു അഴിച്ച് പണിക്കുള്ള സാധ്യത കാണുന്നുണ്ട് എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങൾ ഇന്ത്യക്ക് നിർണായകമാണ്.