തന്റെ മകന്‍ കായിക രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയെപ്പോലെ അഭിനിവേശവും അര്‍പ്പണബോധവും ഉണ്ടായിരിക്കാന്‍ അവനെ പഠിപ്പിക്കുമെന്ന് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ക്രിക്കറ്റില്‍ കോഹ്‌ലിയുടെ സ്വാധീനത്തെ പ്രശംസിച്ച ലാറ കളിയോടുള്ള അദ്ദേഹത്തിന്റെ അച്ചടക്കത്തെ പ്രശംസിച്ചു.
എനിക്കൊരു മകനുണ്ട്. ഞാന്‍ നിങ്ങളോട് പറയട്ടെ, അവന് ഏതെങ്കിലും കായിക ഇനത്തില്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അവന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ കോഹ്‌ലിയുടെ പ്രതിബദ്ധതയുടെയും അര്‍പ്പണബോധത്തിന്റെയും ഉദാഹരണങ്ങള്‍ ഞാന്‍ നല്‍കും.
നമ്പര്‍ വണ്‍ കായികതാരമാകുന്നത് എങ്ങനെയെന്ന് കോഹ്‌ലിയെ കണ്ട് പഠിക്കാനും ഉപദേശിക്കും. കോഹ്‌ലി ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ഒരു ഗെയിമിനായി തയ്യാറെടുക്കുന്ന രീതിയും പൊളിച്ചെഴുതി. കളിയോടുള്ള അദ്ദേഹത്തിന്റെ അച്ചടക്കം എപ്പോഴും ദൃശ്യമാണ്- ലാറ പറഞ്ഞു.
2023 ലോകകപ്പില്‍ മികച്ച പ്രകടനമാണ് കോഹ്‌ലി കാഴ്ചവെച്ചത്. ആറ് അര്‍ദ്ധ സെഞ്ച്വറികളും 3 സെഞ്ച്വറികളും ഉള്‍പ്പെടെ 765 റണ്‍സ് തികച്ച കോഹ്‌ലിയാണ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയിട്ടും, തന്റെ ടീമിനെ അവരുടെ മൂന്നാം ലോക കിരീടത്തിലേക്ക് എത്തിക്കുന്നതില്‍ കോഹ്ലി പരാജയപ്പെട്ടു.