'കാശ് കൊടുത്ത് ടിക്കറ്റെടുത്താല്‍ അത് മുതലാവുന്നത് അവന്റെ കളി കാണുമ്പോഴാണ്'; ഇന്ത്യന്‍ താരത്തെ കുറിച്ച് ഗില്‍ക്രിസ്റ്റ്

എംഎ ചിദംബരത്തില്‍ ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ നേടിയ 280 റണ്‍സിന്റെ കൂറ്റന്‍ വിജയത്തിനിടയില്‍, 26 കാരനായ ഇന്ത്യന്‍ താരത്തെ പ്രശംസിച്ച് ഓസ്ട്രേലിയന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആദം ഗില്‍ക്രിസ്റ്റ്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ബാറ്റിംഗ് കാണാന്‍ സന്തോഷത്തോടെ പണം മുടക്കുമെന്ന് ഗില്‍ക്രിസ്റ്റ് പറഞ്ഞു.

കാശ് കൊടുത്ത് കളി കാണാന്‍ ടിക്കറ്റെടുത്താല്‍ അത് മുതലാവുന്നത് റിഷഭ് പന്തിന്റെ പ്രകടനം കാണുമ്പോഴാണ്. അതുകൊണ്ടുതന്നെ അവന്റെ കളി കാണാന്‍ ഞാന്‍ കാശുകൊടുത്ത് ടിക്കറ്റെടുക്കാന്‍ തയാറാണ്. സാധാരണ ആരാധകരും അതുപോലെ ചിന്തിക്കുന്നവരാണെന്നാണ് ഞാന്‍ കരുതുന്നത്.

ചെയ്യുന്നതിലെല്ലാം തന്റേതായ ഒരു ക്ലാസ് കൊണ്ടുവരാന്‍ റിഷഭിന് കഴിയുന്നുണ്ട്. അവന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവന്‍ നല്ല രസികനാണ്, രസകരമായ രീതിയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അവനറിയാം. അതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും- ഗില്‍ക്രിസ്റ്റ് പറഞ്ഞു.

21 മാസങ്ങള്‍ക്ക് ശേഷം ഒരു ടെസ്റ്റ് മത്സരം കളിക്കുകയും വാഹനാപകടത്തിന് ശേഷം ആദ്യമായി ഇന്ത്യന്‍ വൈറ്റ്‌സ് അണിയുകയും ചെയ്ത പന്ത് ബംഗ്ലാദേശിനെതിരെ തന്റെ കരിയറിലെ ആറാമത്തെ ടെസ്റ്റ് സെഞ്ച്വറി നേടി. 34 മത്സരങ്ങളില്‍ നിന്ന് 44.79 ശരാശരിയില്‍ 2419 റണ്‍സ് നേടിയ പന്ത് ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇതിനകം തന്നെ സ്വയം സ്ഥാപിച്ചു കഴിഞ്ഞു.

Read more