കഴിഞ്ഞ കളിയിൽ ചെറിയ ലക്ഷ്യത്തിന് മുന്നിൽ തകർന്നടിഞ്ഞ് വീണ ചീത്തപ്പേര് ലക്നൗ കഴുകി കളഞ്ഞു.അതും നല്ല സ്റ്റൈൽ ആയിട്ട്. ഐ.പി.എൽ രണ്ടാംഘട്ട മത്സരത്തിൽ ഏറ്റുമുട്ടിയ പഞ്ചാബ്- ലക്നൗ മത്സരത്തിലെ ലക്നൗ ബാറ്റിംഗ് കണ്ടവർക്ക് ഒന്നാന്തരം ബാറ്റിംഗ് വിരുന്ന്. ഐ.പി.എൽ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന ടീം സ്കോർ ഉയർത്തിയ ലക്നൗ നേടിയത് 5 വിക്കറ്റ് നഷ്ടത്തിൽ 257 റൺസ്. ബാംഗ്ലൂർ ഉയർത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറായ 263 മറികടന്ന് മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ചതാണ്. എന്നാൽ തകർപ്പനടി നടത്തിയവരുടെ വിക്കറ്റ് വീണത് തിരിച്ചടിയായി. വരുന്നവരും പോകുന്നവരും എല്ലാം അടിച്ച മത്സരത്തിൽ ലക്നൗ ബാറ്റ്‌സ്മാൻമാരുടെ തല്ല് കൊള്ളാത്ത ഒരു പഞ്ചാബ് ബോളർ പോലും ഉണ്ടായിരുന്നില്ല..
ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത പഞ്ചാബ് നായകൻ ധവാൻ ലക്നൗ നായകൻ രാഹുലിന്റെ വിക്കറ്റ് എടുത്തപ്പോൾ സന്തോഷിച്ചതാണ്. താരം 9 പന്തിൽ 12 റൺ മാത്രമാണ് എടുത്തത്. എന്നാൽ അത് വേണ്ടായിരുന്നു രാഹുൽ ക്രീസിൽ നിന്നാൽ മതിയായിരുന്നു എന്ന് ധവാന് തോന്നിക്കാണും. അമ്മാതിരി അടിയാണ് പിന്നെ അവർക്ക് കിട്ടിയത് . രാഹുൽ ക്രീസിൽ നിന്നപ്പോൾ തന്നെ അടി തുടങ്ങിയ മയേഴ്‌സ് 24 പന്തിൽ 54 റൺസാണ് നേടിയത്. തുടക്കം മുതൽ ഔട്ട് ആകുന്ന പന്ത് വരെ മനോഹരമായ ആക്രമണ ഇന്നിങ്‌സാണ് താരം കളിച്ചത്.
രാഹുൽ പുറത്തായ ശേഷം ക്രീസിലെത്തിയ ആയുഷ് ബദോനി കഴിഞ്ഞ വര്ഷം ചില മത്സരങ്ങളിൽ കളിച്ച പോലെ മികച്ച ഇന്നിങ്‌സാണ് ഇന്ന് കളിച്ചത്. താരം 24 പന്തിൽ 43 എടുത്തു. പകരമെത്തിയത് നിക്കോളാസ് പൂരന്, കൂട്ടിന് ഈ ടൂർണ്ണമെന്റിൽ ഇതുവരെ തിളങ്ങാതിരുന്ന മാർക്കസ് സ്റ്റോയിനിസ്. കിട്ടിയ സാഹചര്യം മുതലെടുത്ത് മാർക്കസ് തകർത്തടിച്ചു. സ്റ്റോയിനിസ്40 പന്തിൽ 72 എടുത്താണ് മടങ്ങിയത്, പൂരന് 19 പന്തിൽ 45 റൺ എടുത്തു അവസാന ഓവറിലാണ് പുറത്തായത്. ദീപക്ക് ഹൂഡ 6 പന്തിൽ 11 എടുത്തപ്പോൾ, 2 പന്തിൽ 5 എടുത്ത ക്രുണാളും തന്റെ ഭാഗം നന്നായി ചെയ്തു. എല്ലാ ബോളറുമാരും പ്രഹരം ഏറ്റുവാങ്ങിയ മത്സരത്തിൽ റബാഡ 4 ഓവറിൽ 52 വഴങ്ങി 2 വിക്കറ്റ് നേടിയപ്പോൾ കഴിഞ്ഞ മത്സരത്തിലെ ഹീറോ അർശ്ദീപ് 4 ഓവറിൽ 54 വഴങ്ങി ഒരു വിക്കറ്റ് എടുത്തു. സാം കരൺ , ലിവിങ്സ്റ്റൺ എന്നിവരും ഓരോ വിക്കറ്റ് എടുത്തു.
ഒരു ഘട്ടത്തിൽ ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സ്കോർ ടീം നേടുമെന്ന പ്രതീതി തോന്നിച്ചിരുന്നു.