സച്ചിനില്‍ നിന്നും പഠിച്ചത് പ്രധാനകാര്യങ്ങള്‍ ; ഐപിഎല്ലില്‍ മിന്നാനൊരുങ്ങി ദക്ഷിണാഫ്രിക്കയുടെ യുവതാരം

ഈ മാസം ഒടുവില്‍ തുടങ്ങാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മിന്നാനൊരുങ്ങുകയാണ് ദക്ഷിണാഫ്രിക്കയുടെ യുവതാരം ഡെവാള്‍ഡ് ബ്രാവിസ്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള തന്റെ മുന്‍ഗാമിയെ പോലെ അടിച്ചു തകര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യ കിരീടം നേടിയ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ബ്രാവിസ് അഞ്ചു തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് കളത്തിലിറങ്ങാന്‍ കാത്തിരിക്കുന്നത്.

ഇതിഹാസ താരം സച്ചിന്‍െ ആരാധിക്കുകയും തന്റെ നാടിനെതിരേ ഏകദിനത്തില്‍ ഇരട്ടശതകം നേടിയ സച്ചിന്റെ ഇന്നിംഗ്‌സിനെ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. സച്ചിനില്‍ നിന്നും പഠിച്ച ഏറ്റവും വലിയ പാഠം എളിമയുള്ളവനായിരിക്കുക എന്നതാണെന്നും അഹങ്കാരം വീഴ്ചയ്ക്ക് വഴി വെയ്ക്കുന്നതാണെന്നും താരം പറയുന്നു. സച്ചിന്റെ ആത്മകഥയായ ‘പ്‌ളേയിംഗ് ഇറ്റ് മൈ വേ’ വായിച്ചിട്ടുണ്ടെന്നും അതില്‍ നിന്നും അനേകം കാര്യങ്ങള്‍ തന്റെ കളിയില്‍ എടുത്തിട്ടുണ്ടെന്നും പറയുന്നു.

Read more

18 കാരനായ ബ്രാവിസിനെ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം എബി ഡിവിലിയേഴ്‌സിനോടാണ് ഉപമിക്കുന്നത്. അതിനെ ഒരു ബഹുമതിയായി കരുതുന്ന താരം പക്ഷേ സ്വന്തമായി ഒരു വ്യക്തിത്വം ക്രിക്കറ്റില്‍ ഉണ്ടാക്കുമെന്നും പറയുന്നു. താന്‍ പഠിച്ചത് ഡിവിലിയേഴ്‌സ് പഠിച്ച സ്‌കൂളിലും അദ്ദേഹത്തെ ക്രിക്കറ്റ് പഠിപ്പിച്ച ആശാന്റെ കീഴിലായിരുന്നു താനും കളി പഠിച്ചതെന്നും ബ്രാവിസ് പറയുന്നു. എന്നാല്‍ ‘ബേബി എബി’ എന്ന വിശേഷണത്തിന് അപ്പുറത്ത് ഡെവാള്‍ഡ് ബ്രാവിസ് എന്ന് തന്നെ താന്‍ അറിയപ്പെടുമെന്നും താരം പറയുന്നു. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടുന്നതും വലിയ കാര്യമാണെന്ന് താരം പറയുന്നു.