ടി20 ലോക കപ്പിനുള്ള ടീമില്‍നിന്ന് തന്നെ ഒഴിവാക്കിയതില്‍ പ്രതികരണവുമായി ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. തന്നെ ടീമിലേക്ക് പരിഗണിക്കാത്തതില്‍ വളരെയധികം വേദനയുണ്ടെന്നും കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തെ സേവിക്കുന്ന തനിക്ക് അല്‍പം കൂടി ബഹുമാനം നല്‍കാമായിരുന്നെന്നും താഹിര്‍ പറഞ്ഞു.
‘ടീമില്‍നിന്ന് ഒഴിവാക്കിയതില്‍ വലിയ നിരാശയുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന ലോക കപ്പില്‍ കളിക്കണമെന്നു കഴിഞ്ഞ വര്‍ഷം ഗ്രെയിം സ്മിത്ത് പറഞ്ഞിരുന്നു. കളിക്കുമെന്നു ഞാന്‍ സ്മിത്തിന് ഉറപ്പു നല്‍കുകയും ചെയ്തു. എന്നെക്കൂടാതെ ഡിവില്ലിയേഴ്‌സ്, ഡുപ്ലസി എന്നിവരുമായും ആശയവിനിമയം നടത്തുമെന്നും സ്മിത്ത് അന്നു പറഞ്ഞിരുന്നു. പക്ഷേ അതിനുശേഷം ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല.’
‘കുറച്ചു മാസങ്ങള്‍ക്കു ശേഷം സ്മിത്തിനും ടീം പരിശീലകന്‍ മാര്‍ക്ക് ബൗച്ചറിനും ഞാന്‍ സന്ദേശങ്ങള്‍ അയച്ചു. എന്നാല്‍ ഇരുവരും മറുപടി നല്‍കിയില്ല. ടീം പരിശീലകനായതിനു ശേഷം ബൗച്ചര്‍ ഒരിക്കല്‍പ്പോലും ഞാനുമായി ബന്ധപ്പെട്ടിട്ടില്ല. വളരെയധികം വേദനയുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തെ സേവിക്കുകയാണു ഞാന്‍. അല്‍പം കൂടി ബഹുമാനം എനിക്കു നല്‍കാമായിരുന്നു.’
‘100 ശതമാനം ആത്മാര്‍ഥതയോടെയാണു ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചത്. ദക്ഷിണാഫ്രിക്കക്കാരനായി ആളുകള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഞാന്‍ ദക്ഷിണാഫ്രിക്കക്കാരനാണ്. എന്റെ ഭാര്യയും കുട്ടികളും ദക്ഷിണാഫ്രിക്കക്കാരാണ്. ദക്ഷിണാഫ്രിക്കയ്ക്കായി ലോക കപ്പ് നേടുക എന്നത് എക്കാലത്തും എന്റെ ആഗ്രഹമായിരുന്നു. ഇതുവരെ എനിക്ക് നല്‍കിയ എല്ലാ അവസരങ്ങള്‍ക്കും നന്ദി. വിരമിക്കല്‍ തല്‍ക്കാലം ആലോചനയിലില്ല. വേണ്ടിവന്നാല്‍ 50 വയസുവരെ ക്രിക്കറ്റ് കളിക്കാനും തയ്യാറാണ്’ താഹിര്‍ പറഞ്ഞു.