സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യയും എയ്ഡൻ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാല് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ രണ്ടാം ടി 20 മത്സരത്തിന് ഗ്കെബെർഹയിലെ സെൻ്റ് ജോർജ്സ് പാർക്ക് ആതിഥേയത്വം വഹിച്ചു. മത്സരത്തിലേക്ക് വന്നാൽ നാല് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 3 വിക്കറ്റിന് പരാജയപ്പെടുത്തി മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. 125 റൺസ് പിന്തുടർന്ന പ്രോട്ടീസ് ഒരു ഘട്ടത്തിൽ 86/7 എന്ന നിലയിൽ വലിയ പ്രതിസന്ധിയിലായത് ആയിരുന്നു. എന്നാൽ ട്രിസ്റ്റൻ സ്റ്റബ്‌സും (പുറത്താകാതെ 47) ജെറാൾഡ് കോട്‌സിയും (19 നോട്ടൗട്ട്) ചേർന്ന് മികച്ച കൂട്ടുകെട്ടിലൂടെ കൈവിട്ടുപോകുമെന്ന് തോന്നിച്ച വിജയം ടീമിന് നേടി കൊടുക്കുക ആയിരുന്നു. ഇന്ത്യക്കായി വരുൺ ചക്രവർത്തി 5 വിക്കറ്റ് വീഴ്ത്തി തിളങ്ങി.
തുടക്കം മുതൽ തകർച്ചയിൽ പോയ ഇന്ത്യൻ ഇന്നിംഗ്സ് കളിയുടെ ഒരു ഘട്ടത്തിൽ പോലും പ്രതീക്ഷ തന്നില്ല എന്ന് പറയാം. ഹാർദിക് ആകട്ടെ 39 റൺ എടുത്ത് ടോപ് സ്‌കോറർ ആയെങ്കിലും അതിനായി അദ്ദേഹം 45 പന്തുകൾ കളഞ്ഞു. സിംഗിൾ എടുക്കാൻ പോലും തയാറാകാത്ത താരത്തിന്റെ ബാറ്റിംഗിന് വലിയ വിമർശനമാണ് കേൾക്കുന്നത്. എന്തായാലും മത്സരശേഷം സൂര്യകുമാർ യാദവ് പറഞ്ഞ വാക്കുകളിൽ ചില നിർണായക സൂചനകളുണ്ട്.
“നിങ്ങൾക്ക് എന്ത് ടോട്ടൽ ലഭിച്ചാലും നിങ്ങൾ എല്ലായ്പ്പോഴും അത് പ്രതിരോധിക്കാൻ ശ്രമിക്കണം. തീർച്ചയായും, ഒരു ടി20 ഗെയിമിൽ, നിങ്ങൾക്ക് 125 അല്ലെങ്കിൽ 140 നേടാൻ താൽപ്പര്യമില്ല, പക്ഷേ ഞങ്ങളുടെ താരങ്ങൾ പന്തെറിഞ്ഞ രീതിയിൽ ഞാൻ അഭിമാനിക്കുന്നു.”
ബോളിങ്ങിലെ അസാധാരണ പ്രകടനത്തിന് സൂര്യകുമാർ യാദവ് വരുൺ ചക്രവർത്തിയെ അഭിനന്ദിച്ചു. കൂടാതെ, അവസാന രണ്ട് ടി20യിൽ ആരാധകരെ രസിപ്പിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വാഗ്ദാനം ചെയ്തു. സൂര്യകുമാർ യാദവ് ഇങ്ങനെ പറഞ്ഞു: “വരുൺ നടത്തിയ പ്രകടനം അസാധാരണമായിരുന്നു. അവന്റെ പ്രകടനത്തിന് കൈയടികൾ . രണ്ട് കളികൾ ബാക്കിയുണ്ട്, ആരാധകരെ ഞങ്ങളെ രസിപ്പിക്കും”
ടീമുകൾ തമ്മിലുള്ള അടുത്ത മത്സരം നവംബർ 13 ബുധനാഴ്ച സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട്ട് പാർക്കിൽ നടക്കും.