ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിലെ വിജയത്തിന് പിന്നാലെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പ്രശംസിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ദിനേഷ് കാർത്തിക്ക്. 2017 മുതൽ രവീന്ദ്ര ജഡേജ ശ്രദ്ധേയമായ മെച്ചപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്നും ടെസ്റ്റിൽ ടീം ഇന്ത്യയ്ക്ക് വിശ്വസനീയമായ ഓൾറൗണ്ടറായി മാറിയെന്നും ദിനേഷ് കാർത്തിക് പറഞ്ഞു.
രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര സെപ്റ്റംബർ 22 ഞായറാഴ്ച 280 റൺസിൻ്റെ വിജയത്തോടെ ആരംഭിച്ചു. ഹോം ഗ്രൗണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിൽ ഇന്ത്യ ഇതോടെ 1-0ന് മുന്നിലെത്തി. ആദ്യ ഇന്നിംഗ്‌സിൽ 86 റൺസ് നേടിയ രവീന്ദ്ര ജഡേജ രണ്ട് ഇന്നിങ്‌സുലായി അഞ്ച് വിക്കറ്റ് വീഴ്ത്തി.
ഒന്നാം ദിനം ആദ്യം ബാറ്റ് ചെയ്യുന്നതിനിടെ ടീം ഇന്ത്യ 144-6 എന്ന നിലയിൽ തകർന്നു. എന്നിരുന്നാലും രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും ഒന്നാം ഇന്നിംഗ്‌സിൽ ഏഴാം വിക്കറ്റിൽ 199 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി. 113 റൺസുമായി അശ്വിൻ തൻ്റെ ആറാം ടെസ്റ്റ് സെഞ്ചുറിയിലെത്തി. എന്നാൽ ജഡേജക്ക് സെഞ്ച്വറി നേടാൻ മാത്രമായില്ല.
2017 മുതൽ രവീന്ദ്ര ജഡേജ തൻ്റെ കഴിവുകൾ ഫലപ്രദമായി വിനിയോഗിച്ചിട്ടുണ്ടെന്നും വിശ്വസനീയമായ ബാറ്റ്‌സ്മാനും ബൗളറുമായി മാറിയെന്നും Cricbuzz-ലെ ഒരു ചർച്ചയിൽ ദിനേഷ് കാർത്തിക് പറഞ്ഞു. താഴേക്ക് ബാറ്റ് ചെയ്താലും ഓർഡറിന് മുകളിലായാലും ജഡേജ സമ്മർദ്ദത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കാർത്തിക് പറഞ്ഞു.
“2017-ന് ശേഷം, അദ്ദേഹം ഏറ്റവും മെച്ചപ്പെട്ട ഓൾറൗണ്ടറാണ്. തൻ്റെ കഴിവ് എങ്ങനെ ഉപയോഗിക്കാമെന്നും അത് ഫലങ്ങളാക്കി മാറ്റാമെന്നുമാണ് അദ്ദേഹം പഠിച്ചതെന്ന് ഞാൻ കരുതുന്നു. ആദ്യ കാലത്ത് അവൻ അൽപ്പം മാത്രം ബാറ്റ് ചെയ്യാനും പന്തെറിയാനും കഴിയുന്ന താരമായിരുന്നു. എന്നാൽ ഇന്ന് അവൻ സൂപ്പർ താരമായിരിക്കുന്നു” കാർത്തിക് ക്രിക്ക്ബസിൽ പറഞ്ഞു.
ടെസ്റ്റിൽ 299 വിക്കറ്റുകൾ വീഴ്ത്തിയ ജഡേജ ചരിത്ര നേട്ടത്തിന് അരികിലാണ്.