ഓസ്‌ട്രേലിയക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിൽ നിൽക്കുകയാണ്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 295 റൺസിന് വിജയിച്ചിരുന്നു, വിരാട് കോഹ്‌ലി ഫോമിലേക്ക് മടങ്ങിയെത്തിയതോടെ, ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25 ലെ ശേഷിക്കുന്ന മത്സരങ്ങളും ജയിക്കാനുള്ള പ്രതീക്ഷ ഇന്ത്യക്ക് വന്നിട്ടുണ്ട്. രണ്ടാം ഇന്നിംഗ്‌സിൽ 143 പന്തിൽ നിന്ന് പുറത്താകാതെ 100 റൺസാണ് കോഹ്‌ലി നേടിയത്. രണ്ടാം ടെസ്റ്റ് ഡിസംബർ 6 മുതൽ അഡ്‌ലെയ്ഡ് ഓവലിൽ നടക്കും, വിരാട് മറ്റൊരു റെക്കോർഡ് നേട്ടത്തിൻ്റെ വക്കിലാണ്. അഡ്‌ലെയ്ഡ് ഓവലിൽ ഏറ്റവും കൂടുതൽ റൺ നേടിയ താരം ആകാനുള്ള അവസരം കോഹ്‌ലിക്ക് മുന്നിൽ ഉണ്ട്.
മുൻ വെസ്റ്റ് ഇൻഡീസ് താരം ബ്രയാൻ ലാറയാണ് 610 റൺസ് നേടി സ്റ്റേഡിയത്തിൽ ഏറ്റവും കൂടുതൽ റൺ നേടിയ താരം. അഡ്‌ലെയ്ഡ് ഓവലിൽ 509 റൺസ് നേടിയ കോഹ്‌ലിക്ക് ലാറയെ മറികടക്കാൻ പിങ്ക് ബോൾ ടെസ്റ്റിൽ 102 റൺസ് കൂടി വേണം. 552 റൺസെന്ന നേട്ടവുമായി ലിസ്റ്റിൽ രണ്ടാമതുള്ള സർ വിവിയൻ റിച്ചാർഡ്‌സിൻ്റെ റെക്കോർഡ് മറികടക്കാൻ അദ്ദേഹത്തിന് 44 റൺസ് വേണം.
ടെസ്റ്റിൽ അഡ്‌ലെയ്ഡ് ഓവലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാർ
ബ്രയാൻ ലാറ- 610
സർ വിവിയൻ റിച്ചാർഡ്സ്- 552
വിരാട് കോഹ്‌ലി- 509
വാലി ഹാമണ്ട്-482
ലിയോനാർഡ് ഹട്ടൺ- 456
ഓസ്‌ട്രേലിയയിൽ ഏഴ് ടെസ്റ്റ് സെഞ്ചുറികൾ വിരാട് അടിച്ചിട്ടുണ്ട്, മറ്റ് ഫോർമാറ്റുകളും കൂടി പരിഗണിച്ചാൽ 10 സെഞ്ചുറികൾ കോഹ്‌ലിക്ക് ഉണ്ട്. ഓസ്‌ട്രേലിയയിൽ ഫോർമാറ്റുകളിലായി 10 സെഞ്ചുറികൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരമാണ് അദ്ദേഹം.
Read more
ഓസ്‌ട്രേലിയയ്‌ക്കെതിരെ 9 സെഞ്ചുറി നേടിയ ഇംഗ്ലണ്ട് ഇതിഹാസം ജാക്ക് ഹോബ്‌സിൻ്റെ റെക്കോർഡാണ് അദ്ദേഹം തകർത്തത്.