ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ജയിക്കാന്‍ ഇംഗ്ലണ്ട് മറികടക്കേണ്ട വെല്ലുവിളി ഏതാണെന്ന് പറഞ്ഞ് മുന്‍ താരം ഡേവിഡ് ലോയ്ഡ്. ഇംഗ്ലണ്ടിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന താരം യുവ ഓപ്പണര്‍ യശ്വസി ജയ്സ്വാളാണെന്നും അവനെ പുറത്താക്കാനുള്ള പദ്ധതിയാണ് ഇംഗ്ലണ്ട് മെനയേണ്ടതെന്നും ലോയ്ഡ് പറഞ്ഞു.
ആദ്യം ബാറ്റുചെയ്താലും രണ്ടാമത് ബാറ്റുചെയ്താലും വലിയ സ്‌കോര്‍ ഇരു ടീമും നേടേണ്ടതായുണ്ട്. ബെന്‍ സ്റ്റോക്സിന് കീഴില്‍ ആക്രമണോത്സക ക്രിക്കറ്റാണ് ഇംഗ്ലണ്ട് കളിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ രാജ്കോട്ടില്‍ ഇംഗ്ലണ്ടിലെ ടോപ് സിക്സ് താരങ്ങളില്‍ നിന്ന് സെഞ്ച്വറി പ്രകടനങ്ങള്‍ ഉണ്ടാവണം. അങ്ങനെ സംഭവിച്ചാല്‍ 400ന് മുകളിലേക്ക് ടീം ടോട്ടല്‍ എത്തിക്കാന്‍ സാധിക്കും. 300ന് താഴെയുള്ള സ്‌കോറുകളൊന്നും ജയിക്കാന്‍ സഹായിക്കില്ല. അര്‍ദ്ധ സെഞ്ച്വറികളോ 20, 30 റണ്‍സ് കാമിയോകളോ കാര്യമായി സഹായിക്കില്ല.
രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ചു. ഇന്ത്യയുടെ എല്ലാ താരങ്ങളും വലിയ സ്‌കോര്‍ നേടാന്‍ കഴിവുള്ളവരാണ്. ഇംഗ്ലണ്ടിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന താരം യശ്വസി ജയ്സ്വാളാണ്. അവനെ പുറത്താക്കാനുള്ള പദ്ധതിയാണ് മെനയേണ്ടത്.
ജയ്സ്വാള്‍ മികച്ച ഫോമിലാണ്. എന്നാല്‍ അവനും തീര്‍ച്ചയായും ദൗര്‍ബല്യങ്ങളുണ്ട്. ഔട്ട്സൈഡ് ബോക്സില്‍ ഇടം കൈയന്‍ സ്പിന്നര്‍മാരെക്കൊണ്ട് പന്തെറിയിക്കണം. ന്യൂബോളില്‍ത്തന്നെ സ്പിന്നര്‍ക്ക് അവസരം നല്‍കണം. ഓഫ് സ്പിന്നര്‍മാര്‍ക്ക് ജയ്സ്വാളിനെതിരേ മികവ് കാട്ടാനാവും. ജയ്സ്വാളിന്റെ ഈഗോയുമായി ഇംഗ്ലണ്ട് താരങ്ങള്‍ മത്സരിക്കണം- ഡേവിഡ് ലോയ്ഡ് പറഞ്ഞു.