ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ അമ്പയര്‍മാരെ നിയന്ത്രിക്കുന്ന തരത്തില്‍ പെരുമാറിയ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് താരവും ക്രിക്കറ്റ് വിദഗ്ധനുമായ ഡേവിഡ് ലോയ്ഡ്. മൂന്നാം ദിനം ചെറിയൊരു മഴ പെയ്തപ്പോള്‍ ഗ്രൗണ്ടില്‍ നിന്ന് തിരിച്ചുപോകാന്‍ അമ്പയര്‍മാരെ നിര്‍ബന്ധിച്ച് അനുമതി വാങ്ങിയ കെ.എല്‍. രാഹുലിനെയും റിഷഭ് പന്തിനെയുമാണ് ലോയ്ഡ് കുറ്റപ്പെടുത്തിയത്.
‘ഈ കളിയുടെ നടത്തിപ്പുകാര്‍ ആരാണ്. കളിക്കാരാണോ അതോ അംപയര്‍മാരോ ? ട്രന്റ് ബ്രിഡ്ജില്‍ ചെറിയൊരു മഴക്കോളാണുണ്ടായത്. മഴ അധികനേരം നില്‍ക്കില്ലെന്ന് നമുക്ക് അറിയാമായിരുന്നു. പക്ഷേ, ഇന്ത്യന്‍ താരങ്ങള്‍ ബാറ്റിംഗ് തുടരാന്‍ വിസമ്മതിച്ചു. കൂടുതല്‍ ഉറച്ച തീരുമാനങ്ങളെടുക്കാന്‍ അമ്പയര്‍മാര്‍ക്ക് സാധിക്കണം- ലോയ്ഡ് പറഞ്ഞു.
ക്രിക്കറ്റിലെ ഇത്തരം സാഹചര്യങ്ങളില്‍ അമ്പയര്‍മാര്‍ക്ക് കൂടുതല്‍ അധികാരവും നിയന്ത്രണവും വേണമെന്നും ലോയ്ഡ് കൂട്ടിച്ചേര്‍ത്തു. കെ.എല്‍ രാഹുലും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും അര്‍ദ്ധ സെഞ്ച്വറികളുമായി മിന്നിയ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 278 റണ്‍സെടുത്ത് 95 റണ്‍സിന്റെ നിര്‍ണായക ലീഡ് നേടി. മൂന്നാം ദിനത്തിലെ മത്സരം മഴമൂലം നേരത്തേ നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 25 റണ്‍സ് എന്ന നിലയിലാണ്.