ഓവലില്‍ നടക്കാനിരിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ അശ്വിനെയും ജഡേജയേയും ഒന്നിച്ച് കളിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് വിരാട് കോഹ്‌ലിയ്ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാവില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ഡബ്ല്യുവി രാമന്‍. കണക്കുകള്‍ മാത്രമല്ല ഇരുവരുടെയും സ്വഭാവ ശൈലിയും കോഹ്‌ലിയ്ക്ക് പരിഗണിക്കേണ്ടി വരുമെന്ന് രാമന്‍ പറഞ്ഞു.
‘അശ്വിനെയും ജഡേജയേയും ഒന്നിച്ച് കളിപ്പിച്ചാല്‍ എന്താവും സംഭവിക്കുക? ഇവരുടെ വ്യക്തിഗത മനോഭാവം എങ്ങനെയായിരിക്കും. അശ്വിന്‍ വിക്കറ്റ് വീഴ്ത്താന്‍ ആക്രമണോത്സുകതയുള്ള താരമാണ്. ജഡേജ കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യുന്ന താരവും. രണ്ട് പേരുടെയും കണക്കുകള്‍ മാത്രമല്ല ഇരുവരുടെയും സ്വഭാവവും ശൈലിയും ആരെ കളിപ്പിക്കണമെന്ന കാര്യത്തില്‍ വിരാട് കോഹ്‌ലി പരിഗണിക്കേണ്ടതാണ്’ ഡബ്ല്യുവി രാമന്‍ പറഞ്ഞു.
കോഹ്‌ലിയുടെ മോശം ഫോമിനെയും അദ്ദേഹം വിലയിരുത്തി. ‘നമുക്ക് അയാളെ ശരിക്കും കുറ്റപ്പെടുത്താനാവില്ല. ജീവിതത്തിലെ പൊതുവായ മാനദണ്ഡവും മറ്റ് മേഖലകളും ക്രിക്കറ്റില്‍ എല്ലായ്‌പ്പോഴും ബാധകമാകണമെന്നില്ല. കോഹ്ലിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമാണുള്ളത്, കോഹ്ലി ചെയ്യുന്ന എല്ലാ കാര്യങ്ങളും നമ്മള്‍ നിരീക്ഷിക്കുന്നു, അദ്ദേഹം മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണെന്ന് എല്ലാവര്‍ക്കുമറിയാം, അതിനാല്‍ അദ്ദേഹത്തില്‍ നിന്നും നമ്മള്‍ ഒരുപാട് പ്രതീക്ഷിക്കുന്നു, മുന്‍പ് ഇന്ത്യക്കായി സച്ചിന്‍ കളിക്കുമ്പോള്‍ എങ്ങനെയായിരുന്നോ അതിന് സമാനമാണ് ഇതും. സച്ചിന്‍ 95ല്‍ ഔട്ടായാല്‍ പോലും അത് പരാജയമായി കണക്കാക്കി താരത്തെ വിമര്‍ശിക്കാന്‍ ആളുകള്‍ ഉണ്ടായിരുന്നു.’ ഡബ്ല്യുവി രാമന്‍ പറഞ്ഞു.