ലോര്‍ഡ്‌സില്‍ ഏഴു വര്‍ഷത്തെ ചരിത്രം തിരുത്തി കുറിച്ച് ഇന്ത്യ വിജയം നേടിയിരിക്കുകയാണ്. ഇന്ത്യയെ അനായാസം മലര്‍ത്തിയടിക്കാമെന്ന് വ്യാമോഹവുമായി കളിത്തിലിറങ്ങിയ ജോ റൂട്ടിനും സംഘത്തിനും കാര്യങ്ങള്‍ ഒട്ടം എളുപ്പമായില്ല എന്നതുതന്നെയല്ല, നാണംകെട്ട് മൈതാനം വിടേണ്ടിയതും വന്നു. ഇപ്പോഴിതാ ഇംഗ്ലണ്ടിന്റെ മോശം പ്രകടനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ താരം സ്റ്റീവ് ഹാര്‍മിസണ്‍. ജയിംസ് ആന്‍ഡേഴ്സനു വേണ്ടി പകരം ചോദിക്കാനിറങ്ങിയതു പോലെയായിരുന്നു ഇംഗ്ലണ്ടിന്റെ ബോളിംഗെന്നും ഇതു കാരണം കളി തന്നെ നഷ്ടമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഇംഗ്ലണ്ട് ഒരു ലക്ഷ്യബോധവുമില്ലാതെയായിരുന്നു ബോള്‍ ചെയ്തത്. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചു പോലും അവര്‍ക്കു ധാരണയില്ലായിരുന്നു. റിഷഭ് പന്ത് പുറത്തായ ശേഷമുള്ള അര മണിക്കൂര്‍ ഇംഗ്ലണ്ടിന് എന്ത് ദുരന്തമാണ് സംഭവിച്ചത്. ഇന്ത്യയുടെ ഒമ്പത്, പത്ത് സ്ഥാനക്കാര്‍ ബാറ്റ് ചെയ്യവെ അവര്‍ക്കു ഒരു സ്ലിപ്പ് പോലുമില്ലായിരുന്നു. ഒരു പൊസിഷനിലും ക്യാച്ച് ചെയ്യാന്‍ ഫീല്‍ഡര്‍മാരെയും കണ്ടില്ല.’
‘താരങ്ങള്‍ തമ്മില്‍ കളിക്കളത്തില്‍ വാക്പോരുണ്ടാവുന്നത് നല്ല എന്റര്‍ടെയ്ന്‍മെന്റാണ്. പാഷനുള്ള രണ്ടു ടീമുകള്‍ തമ്മില്‍ മുഖാമുഖം വരുന്നത് കാണാന്‍ നിങ്ങള്‍ക്കും ആഗ്രഹമുണ്ടാവും. പക്ഷെ ഇംഗ്ലണ്ട് കൂടുതലും ശ്രദ്ധിച്ചത് ജസ്പ്രീത് ബുംറയെയായിരുന്നു. ബൗണ്‍സറുകളെറിഞ്ഞ് അദ്ദേഹത്തെ പുറത്താക്കുന്നതില്‍ മാത്രമായിരുന്നു അവരുടെ മുഴുവന്‍ ശ്രദ്ധ’ ഹാര്‍മിസണ്‍ പറഞ്ഞു.
ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്സ് ബാറ്റിംഗിനിടെ ആന്‍ഡേഴ്സനെതിരേ ബുംറ ചില ബൗണ്‍സറുകളെറിഞ്ഞിരുന്നു. ഇതിനു പകരം വീട്ടുകയെന്ന ലക്ഷ്യത്തോടെയെന്ന പോലെയായിരുന്നു ഇംഗ്ലീഷ് ബോളര്‍മാര്‍ പന്തെറിഞ്ഞത്. പലപ്പോഴും ബുംറയുമായി ഇംഗ്ലീഷ് താരങ്ങള്‍ വാക് പോരിലേര്‍പ്പെടുന്നത് കാണാനായി.