ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പര ആര് നേടുമെന്ന് പ്രവചിച്ച് ഓസ്ട്രേലിയന്‍ ഇതിഹാസം ഇയാന്‍ ചാപ്പല്‍. ആതിഥേയരായ ഇന്ത്യക്കു തന്നെയാണ് പരമ്പരയില്‍ ചാപ്പല്‍ മുന്‍തൂക്കം നല്‍കുന്നത്. ഓസീസിനെതിരായ ഇന്ത്യയുടെ പരമ്പര നേട്ടമാണ് അതിന് കാരണമായി ചാപ്പല്‍ പറയുന്നത്.
“എല്ലാ പ്രതിസന്ധികളും മറികടന്നാണ് ഓസ്ട്രേലിയക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സ്വന്തമാക്കിയത്. വിരാട് കോഹ്ലിയെ കൂടി ഇന്ത്യ ബാറ്റിംഗ് ലൈനപ്പിലേക്കു ചേര്‍ക്കുന്നതോടെ അതു ടീം ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിക്കുന്നതിനു തുല്യമാണ്. ആര്. അശ്വിന്, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ തുടങ്ങിയവര്‍ കൂടി ചേരുന്നതോടെ പരാജയപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ള ടീമായി ഇന്ത്യ മാറും.”
“ഇന്ത്യയുടെ ശക്തമായ മുന്‍നിര ബാറ്റിംഗ് ലൈനപ്പാണ് ഇംഗ്ലണ്ടിനു മേല്‍ അവര്‍ക്കു മേല്‍ക്കൈ നേടിക്കൊടുക്കുന്നത്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റിംഗ് അത്ര മികച്ചതല്ല. ഓപ്പണര്‍മാരായ ഡോം സിബ്ലിയും റോറി ബേണ്‍സും പരാജയമായി മാറിയാല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനു മേല്‍ ഒരുപാട് സമ്മര്‍ദ്ദമുണ്ടാകും. അപ്പോള്‍ റൂട്ടിന് വലിയ സ്കോറുകള്‍ നേടി ടീമിനെ രക്ഷിക്കേണ്ടി വരും” ചാപ്പല്‍ പറഞ്ഞു.
Read more
ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ രണ്ടു ടെസ്റ്റുകള്‍. ശേഷിച്ച രണ്ടെണ്ണം അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലുമാണ്.