രാഹുലിന്റെ തിരിച്ചുവരവ്, 'പൊട്ടന്‍ കളിപ്പിച്ച്' ബിസിസിഐ, തുറന്നുപറച്ചിലുമായി ബാറ്റിംഗ് കോച്ച്

കെഎല്‍ രാഹുലിന്റെ ലഭ്യതയെക്കുറിച്ച് ടീം ഇന്ത്യ മാനേജ്മെന്റിന് ഉറപ്പില്ലെന്ന് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍. വ്യാഴാഴ്ച (ഫെബ്രുവരി 22) ഇംഗ്ലണ്ടിനെതിരെ റാഞ്ചിയില്‍ നടക്കുന്ന നാലാം ടെസ്റ്റിന് രാഹുലിന്റെ സേവനം ലഭ്യമല്ലെന്ന് ബിസിസിഐ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കഴിഞ്ഞ മാസം ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പുറം വേദന അനുഭവിച്ചതിന് ശേഷം അദ്ദേഹം പരമ്പരയില്‍ കളിച്ചിട്ടില്ല. പരുക്ക് മൂലം അദ്ദേഹത്തിനും രവീന്ദ്ര ജഡേജയ്ക്കും രണ്ടാം ടെസ്റ്റ് നഷ്ടമായി. രണ്ടാം ടെസ്റ്റിനും മൂന്നാം ടെസ്റ്റിനും ഇടയില്‍ ഒരാഴ്ചയിലേറെ ഇടവേളയുള്ളതിനാല്‍ രാജ്കോട്ട് മത്സരത്തിന് ഇരു താരങ്ങളും യോഗ്യരാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.

കളിക്കാരുടെ പങ്കാളിത്തം ഫിറ്റ്‌നസിന് വിധേയമാണെന്ന് ബിസിസിഐ വ്യക്തമാക്കിയെങ്കിലും അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിലും അവരെ ഉള്‍പ്പെടുത്തി. മൂന്നാം ടെസ്റ്റിനുള്ള സമയത്ത് ജഡേജ സുഖം പ്രാപിച്ച് തിരിച്ചെത്തിയപ്പോള്‍, കെ എല്‍ രാഹുലിന് കഴിഞ്ഞില്ല. എന്നാല്‍ മൂന്നാം ടെസ്റ്റിന് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാലാം ടെസ്റ്റിന് രാഹുല്‍ ലഭ്യമാണെന്ന് പറഞ്ഞിരുന്നു.

രോഹിതിന്റെ അപ്ഡേറ്റിന് ഏകദേശം ഒരാഴ്ച മുമ്പ്, കെഎല്‍ രാഹുല്‍ ‘മാച്ച് ഫിറ്റ്നസിന്റെ 90 ശതമാനത്തിലെത്തിയതായി’ ബിസിസിഐയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ആഴ്ച ആദ്യം, രാഹുല്‍ താരം നാലാം ടെസ്റ്റിലും കളിക്കില്ലെന്ന് പ്രഖ്യാപിച്ച ബിസിസിഐ, അഞ്ചാം ടെസ്റ്റില്‍ പങ്കെടുക്കുന്നത് ഫിറ്റ്‌നസിന് വിധേയമാണെന്ന് പ്രസ്താവിച്ചു.

Read more

ബാറ്റ്സ്മാന്റെ ഫിറ്റ്നസ് നിലയെക്കുറിച്ച് വ്യക്തതയില്ലെന്ന് വിക്രം റാത്തോര്‍ പറഞ്ഞു. ”ഫിറ്റ്‌നസ് ശതമാനത്തെക്കുറിച്ച് എനിക്കറിയില്ല. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒന്നുകില്‍ അനുയോജ്യമോ അയോഗ്യമോ ആണ്. നിലവില്‍, അവന്‍ അയോഗ്യനാണ്. പരിക്കിനെ കുറിച്ച് അറിയാന്‍ ബിസിസിഐയുടെ മെഡിക്കല്‍ ടീമുമായി സംസാരിക്കുന്നതായിരിക്കും ഉത്തമം” റാത്തൂര്‍ പറഞ്ഞു