IND vs ENG: ജോ റൂട്ടിനെ കുറിച്ച് പുറംലോകത്തിനുള്ളത് തെറ്റായ ധാരണ: മൈക്ക് ആതര്‍ട്ടണ്‍

ജോ റൂട്ട് തന്റെ കളി സ്വതന്ത്രമായാണ് നടത്തുന്നതെന്നും ബെന്‍ സ്റ്റോക്സിന്റെയും ബ്രണ്ടന്‍ മക്കല്ലത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തെ ബാധിക്കുന്നില്ലെന്നും ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ആതര്‍ട്ടണ്‍. ഇന്ത്യക്കെതിരെ രാജ്കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ റൂട്ട് റിവേഴ്സ് സ്‌കൂപ്പിന് ശ്രമിച്ചത് അദ്ദേഹത്തിന്റെ പുറത്താകലിന് കാരണമാവുകയും ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തിരുന്നു.

ഇതിന് തൊട്ടുപിന്നാലെ, പല മുന്‍ ക്രിക്കറ്റ് കളിക്കാരും വിദഗ്ധരും റൂട്ടിന്റെ സമീപനത്തെ വിമര്‍ശിക്കുകയും ബാസ്‌ബോള്‍ മോഡില്‍ നിന്ന് പുറത്തുകടന്ന് മെറിറ്റില്‍ പന്ത് കളിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധാരണ പോലെ കളിക്കാനും ആവശ്യപ്പെട്ടിരുന്നു.

റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍, റൂട്ട് തകര്‍പ്പന്‍ പ്രകടനം നടത്തി ഇന്ത്യയ്ക്കെതിരെ ടെസ്റ്റില്‍ തന്റെ പത്താം സെഞ്ച്വറി നേടി. സന്ദര്‍ശകര്‍ ആദ്യ ഇന്നിംഗ്സില്‍ 353 റണ്‍സ് നേടിയപ്പോള്‍ റൂട്ട്  പുറത്താകാതെ 274 ബോളില്‍ 122 റണ്‍സ് നേടി. ഇതിന് പിന്നാലെ, റൂട്ട് തന്റെ സ്വന്തം പാറ്റേണ്‍ പിന്തുടരുന്നുവെന്നും ആവശ്യമില്ലാത്തപ്പോള്‍ ബാസ്‌ബോള്‍ കളിക്കില്ലെന്നും ആതര്‍ട്ടണ്‍ സൂചിപ്പിച്ചു.

Read more

റൂട്ട് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് കളിക്കുന്നതെന്ന് പുറംലോകത്തിന് തെറ്റിദ്ധാരണയുണ്ട്. പക്ഷേ അങ്ങനെയല്ല. ബ്രണ്ടന്‍ മക്കല്ലവും ബെന്‍ സ്റ്റോക്സും പ്രിസ്‌ക്രിപ്റ്റീവ് അല്ല. റൂട്ടിന്റെ ഗെയിമിന്റെ വികാസം സ്വയം നയിക്കപ്പെട്ടതാണ്- ആതര്‍ട്ടണ്‍ പറഞ്ഞു.