ക്രിക്കറ്റ് പിച്ചില്‍ ഏറ്റവും കൂടുതല്‍ വീറുകാണിക്കുന്നവരുടെ കൂട്ടത്തിലാണ് പേസ് ബൗളര്‍മാര്‍. നിലയുറപ്പിക്കുന്ന ബാറ്റ്സ്മാന്‍മാരെ പ്രകോപിപ്പിച്ച് പുറത്താക്കുകയാണ് അവരുടെ ലക്ഷ്യം. ഓസ്ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്തും മലയാളി പേസര്‍ ശ്രീശാന്തും അടക്കമുള്ളവര്‍ ഈ തന്ത്രം പലപ്പോഴും നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യയുടെ യുവ പേസര്‍ മുഹമ്മദ് സിറാജ് അവരുടെ പാതയിലാണെന്ന് തോന്നുന്നു. ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ സാം കറനുമായി കഴിഞ്ഞ ദിവസം സിറാജ് ഒന്നുടക്കി. കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് പ്രശ്നത്തില്‍ ഇടപെടേണ്ടിവന്നു.
ട്രന്റ് ബ്രിഡ്ജ് ടെസ്റ്റിന്റെ നാലാം ദിനമാണ് സിറാജും കറനും നേര്‍ക്കുനേര്‍ നിന്നത്. ക്യാപ്റ്റന്‍ ജോ റൂട്ടിനൊപ്പം ഇംഗ്ലണ്ടിനെ മികച്ച ലീഡിലേക്ക് നയിക്കാന്‍ ഉറച്ച് ബാറ്റ് വീശിയ കറന്‍ സിറാജിന്റെ ഒരു പന്ത് ബൗണ്ടറി കടത്തി. കുപിതനായ സിറാജ് കറന്റെ മുന്നില്‍ ചെന്ന് മുഖത്ത് നോക്കി എന്തോ പറഞ്ഞു. ബൗളിംഗ് എന്‍ഡിലേക്ക് തിരിച്ചുപോകാന്‍ സിറാജിനോട് നിര്‍ദേശിക്കുന്ന തരത്തില്‍ കറന്‍ ആംഗ്യത്തിലൂടെ അതിനു മറുപടി നല്‍കി.
This Curran vs Siraj battle is ace !!! #ENGvIND pic.twitter.com/puhRL813jo
— Jutin (@JUSTIN_AVFC_) August 7, 2021
Read more
എന്നാല്‍ കൂടുതല്‍ പ്രകോപിതനായ സിറാജ് പിന്നെയും കറനോട് എന്തോ പറഞ്ഞു. പ്രശ്നം വഷളാകുന്നതു കണ്ട കോഹ്ലി സിറാജിനോട് ശാന്തനാകാന്‍ ആവശ്യപ്പെട്ടു. സിറാജിന്റെ തൊട്ടടുത്ത ഓവറില്‍ കറന്‍ ഒരു ബൗണ്ടറികൂടി നേടിയെങ്കിലും അവസാനത്തെ ചിരി സിറാജിന്റെതായി. ജസ്പ്രീത് ബുംറയുടെ പന്തില്‍ കറന്റെ ക്യാച്ചെടുത്തത് സിറാജാണ്. നേരത്തെ, ഇന്ത്യയുടെ ബാറ്റിംഗിനിടെ ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്സനുമായും സിറാജ് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു.