IND vs ENG: രണ്ടാം മത്സരത്തിലും സ്പിന്‍ പിച്ചോ?, എങ്കില്‍ ഞങ്ങളത് ചെയ്യാന്‍ മടിക്കില്ല; മുന്നറിയിപ്പുമായി മക്കല്ലം

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്ത് നടക്കും. ആദ്യ മത്സരത്തില്‍ 28 റണ്‍സിന് പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാവും ഇറങ്ങുക. വിശാഖപട്ടണത്തെ പിച്ച് എങ്ങനെയായിരിക്കുമെന്നുള്ള ചര്‍ച്ച സജീവമായിരിക്കെ ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം.

ഇന്ത്യ സ്പിന്‍ പിച്ചൊരുക്കിയാല്‍ തങ്ങളുടെ നാല് സ്പിന്നര്‍മാരെയും കളിപ്പിക്കുമെന്നാണ് മക്കല്ലത്തിന്റെ മുന്നറിയിപ്പ്. ‘രണ്ടാം ടെസ്റ്റിനായുള്ള കണക്കുകൂട്ടലിലാണ് ടീമുള്ളത്. സ്പിന്‍ പിച്ച് തന്നെയാണ് ഒരുക്കുന്നതെങ്കില്‍ നാല് സ്പിന്നര്‍മാരെയും കളിപ്പിക്കാന്‍ ഞങ്ങള്‍ മടികാട്ടില്ല’ മക്കല്ലം പറഞ്ഞു.

കോഹ്ലിയുടെയും ജഡേജയുടെയും അഭാവവും, ഇന്ത്യയുടെ മോശം ഫീല്‍ഡിംഗും ഇംഗ്ലണ്ടിന് സാഹചര്യങ്ങള്‍ അനുകൂലമാക്കിയിരിക്കുകയാണ്. അതിനാല്‍ പിച്ചിലെ തങ്ങളുടെ സ്പിന്‍ ആധിപത്യം മാറ്റി പിടിക്കാന്‍ ഇന്ത്യ ശ്രമിച്ചേക്കില്ല.

Read more

ബാസ്ബോള്‍ ശൈലി ഇന്ത്യയില്‍ വിലപ്പോകില്ലെന്ന് പരിഹസിച്ചവരുടെ വായടപ്പിക്കുന്നതായിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് ജയം. ആദ്യ ഇന്നിങ്സില്‍ 190 റണ്‍സിന്റെ ലീഡെടുത്തിട്ടും ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചില്ല. അനായാസം ഇന്ത്യ ജയിക്കുമെന്ന് കരുതിയ കളിയാണ് 28 റണ്‍സിന് സന്ദര്‍ശകരായ ഇംഗ്ലണ്ട് ജയിച്ചത്.