ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ അന്തിമ ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍.അശ്വിനെ തഴഞ്ഞത് വലിയ സര്‍പ്രൈസായായി മാറി. അശ്വിനു പകരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. അശ്വിനെ മാറ്റിനിര്‍ത്തിയത് ക്രിക്കറ്റ് നിരൂപകര്‍ക്കും ആരാധകര്‍ക്കുമിടയില്‍ വന്‍ വിമര്‍ശനത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഇപ്പോഴിതാ അശ്വിനെ ടീമിലുള്‍പ്പെടുത്താത്തത് തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലീഷ് മുന്‍ താരം സ്റ്റീവ് ഹാര്‍മിസണ്‍.
‘ഞാന്‍ അത്ഭുതപ്പെട്ടു, വളരെ ആശ്ചര്യപ്പെട്ടു. അശ്വിനെ ഉള്‍പ്പെടുത്താത്തതിന്റെ സന്തോഷത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ആ ഡ്രസിങ് റൂമില്‍ ഇരുന്ന് ചിരിച്ചിട്ടുണ്ടാകാം. അവന്‍ ബാറ്റു കൊണ്ടും പന്ത് കൊണ്ടും അവിശ്വസനീയമായ പ്രകടനമാണ് നടത്തുന്നത്. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ അശ്വിന് വിക്കറ്റുകള്‍ ലഭിച്ചു. അദ്ദേഹം കൗണ്ടി ക്രിക്കറ്റ് കളിച്ചു, വിക്കറ്റുകള്‍ നേടി.’
‘ഇന്ത്യ തോല്‍വിയ്ക്കായി സ്വയം ഒരു വഴി തുറന്നിരിക്കുകയാണ്. കളി മനസിലാക്കുന്ന, സാഹചര്യങ്ങള്‍ മുതലാക്കാന്‍ കഴിവുള്ള ഒരു സ്പിന്നര്‍ ടീമിന് ഏറെ പ്രധാനപ്പെട്ടതാണ്. ജഡേജയ്‌ക്കൊപ്പം അശ്വിനും ടീമില്‍ സ്ഥാനം നല്‍കേണ്ടതായിരുന്നു’ ഹാര്‍മിസണ്‍ പറഞ്ഞു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 183 റണ്‍സിന് എല്ലാവരും പുറത്തായി. 20.4 ഓവറില്‍ 46 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംമ്രയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മുഹമ്മദ് ഷമി മൂന്നു വിക്കറ്റും താക്കൂര്‍ രണ്ടും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സ് എടുത്തിട്ടുണ്ട്.