IND vs ENG: മൂന്നാം ടെസ്റ്റില്‍നിന്നും സൂപ്പര്‍ താരം പുറത്ത്, പകരം മലയാളി താരം ടീമില്‍

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുന്‍പ് ഇന്ത്യക്ക് തിരിച്ചടി. പരുക്കിനെ തുടര്‍ന്ന് കെ.എല്‍ രാഹുലിന് മൂന്നാം ടെസ്റ്റ് നഷ്ടമാകും. പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനാലാണ് താരത്തെ ഒഴിവാക്കിയത്. പകരം കര്‍ണാടകയുടെ ഇടംകൈയയ്യന്‍ ബാറ്ററും മലയാളി താരവുമായ ദേവ്ദത്ത് പടിക്കലിനെ മൂന്നാം ടെസ്റ്റിനുള്ള സ്‌ക്വാഡിലേക്ക് ഉള്‍പ്പെടുത്തി.

ഹൈദരാബാദിലെ ആദ്യ ടെസ്റ്റ് കളിച്ചതിന് ശേഷം, രാഹുലിന് വലത് തുടയ്ക്ക് വേദന അനുഭവപ്പെട്ടതിനാല്‍ വിശാഖപട്ടണത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍നിന്നും ഒഴിവാക്കേണ്ടി വന്നിരുന്നു. ഫെബ്രുവരി 10 ശനിയാഴ്ച അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍, രവീന്ദ്ര ജഡേജയുടെയും കെ എല്‍ രാഹുലിന്റെയും പങ്കാളിത്തം ഫിറ്റ്‌നസ് അനുമതിക്ക് വിധേയമാണെന്ന് ബിസിസിഐ മെഡിക്കല്‍ ടീം അറിയിച്ചിരുന്നു.

രാഹുല്‍ ഇപ്പോഴും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് (എന്‍സിഎ). ഇന്ത്യന്‍ സംഘത്തിനൊപ്പം രാഹുല്‍ രാജ്കോട്ടില്‍ എത്തിയിട്ടില്ല. നാലാം ടെസ്റ്റില്‍ അദ്ദേഹത്തിന്റെ സേവനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റ്.

Read more

ദേവ്ദത്ത് പടിക്കലിന് ആദ്യമായാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുന്നത്. രഞ്ജി ട്രോഫിയിലെ മികച്ച ബാറ്റിംഗാണ് ദേവ്ദത്ത് പടിക്കലിന് ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡിലേക്ക് വഴി തുറന്നത്. പഞ്ചാബിനെതിരെ 193 റണ്‍സ് സ്‌കോര്‍ ചെയ്ത ദേവ്ദത്ത് ഗോവക്കെതിരെയും സെഞ്ചുറി നേടിയിരുന്നു.