2012 ന് ശേഷം ഇന്ത്യയില്‍ ഒരു പരമ്പര വിജയം ഉറപ്പാക്കാനുള്ള അവസരമാണ് ഇപ്പോള്‍ ഇംഗ്ലണ്ടിന് മുന്നിലുള്ളതെന്ന് മുന്‍ താരം ജെഫ്രി ബോയ്കോട്ട്. മൂന്നു കാര്യങ്ങളാണ് ഇതിന് കാരണമായി ബോയ്കോട്ട് ചൂണ്ടിക്കാട്ടുന്നത്. രോഹിത്തിന്റെ മോശം ഫോമും, കോഹ്‌ലിയുടെയും ജഡേജയുടെയും അഭാവവും, ഇന്ത്യയുടെ മോശം ഫീല്‍ഡിംഗും ഇംഗ്ലണ്ടിന് സാഹചര്യങ്ങള്‍ അനുകൂലമാക്കിയിരിക്കുകയാണെന്ന് ബോയ്‌കോട്ട് വിലയിരുത്തി.
അവരുടെ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് ഏകദേശം 37 വയസ്സുണ്ട്,. അദ്ദേഹം മികച്ച നിലയിലല്ല. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നാട്ടില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ രണ്ട് സെഞ്ച്വറികള്‍ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. കൂടാതെ, അവരുടെ ഫീല്‍ഡിംഗും ശക്തമല്ല- ബോയ്കോട്ട് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മികച്ച സ്‌കോറുകളാക്കി മാറ്റാന്‍ രോഹിതിന് സാധിക്കാത്തതില്‍ നിന്നാണ് ബോയ്കോട്ടിന്റെ വിമര്‍ശനാത്മക വിശകലനം. രണ്ട് ഇന്നിംഗ്‌സുകളിലും പ്രശംസനീയമായ തുടക്കങ്ങള്‍ ഉണ്ടായിരുന്നിട്ടും, രോഹിത് മുതലാക്കുന്നതില്‍ പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നാല് ഇന്നിംഗ്സുകളില്‍ നിന്ന് 39 റണ്‍സ് മാത്രമാണ് രോഹിതിന് നേടാനായത്.
വിരാട് കോഹ്ലിയുടെ അഭാവം ഇന്ത്യയെ സാരമായി ബാധിക്കുന്നു. രവീന്ദ്ര ജഡേജയുടെ ഹാംസ്ട്രിംഗ് പരിക്ക് അദ്ദേഹത്തെ രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുന്നു. 12 വര്‍ഷത്തിനിടെ ഇന്ത്യന്‍ ടീമിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ പരാജയപ്പെടുത്തുന്ന ആദ്യ ടീമായി മാറാനുള്ള മികച്ച അവസരമാണ് ഇത് ഇംഗ്ലണ്ടിന് നല്‍കുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.