ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ടീമിനെ വിജയകരമായി നയിച്ച അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റന്‍സി വിരാട് കോഹ്‌ലിയില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നെന്ന് മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്. അമിത സമ്മര്‍ദ്ദം കോഹ്‌ലിയുടെ രീതിയെ സ്വാധീനിക്കുന്നുണ്ടെന്നും അമ്പയര്‍മാരെ സ്വാധീനിക്കാനും താരം ശ്രമിക്കുന്നുണ്ടെന്നും ലോയ്ഡ് പറഞ്ഞു.
“രഹാനെ ഓസ്‌ട്രേലിയയില്‍ ടീമിനെ മികച്ച രീതിയില്‍ നയിച്ചത് കോഹ്‌ലിയില്‍് സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്. കോഹ്‌ലിയുടെ കളിക്കളത്തിലെ സമീപനം കണ്ട കമന്റേറ്റര്‍മാര്‍ അദ്ദേഹം ടീമിനെ ഉയര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞത്. എന്നാല്‍ കോഹ്‌ലി അമിത അപ്പീലിലൂടെ അമ്പയറെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായാണ് ഞാന്‍ കരുതുന്നത്” ലോയിഡ് ഡെയിലി മെയിലില്‍ കുറിച്ചു.
ചെന്നൈ നടന്നു കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ പരാജയത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യ. ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് അഞ്ചാംദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയിലാണ്.
45* റണ്‍സുമായി കോഹ്‌ലിയും 2* റണ്‍സുമായി അശ്വിനുമാണ് ക്രീസില്‍. 64 ഓവറും നാല് വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിനേക്കാള്‍ 276 റണ്‍സ് പിന്നിലാണ് ഇന്ത്യ.