ഇംഗ്ലണ്ടിനെതിരെ ലീഡ്‌സില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിച്ച് മുന്‍ താരം ആശിഷ് നെഹ്‌റ. ഇഷാന്ത് ശര്‍മയെ പോലൊരു താരത്തെ ഒരു ടെസ്റ്റ് മാത്രം കൊണ്ട് വിലയിരുത്താനാവില്ലെന്നും ആ ടെസ്റ്റ് തോറ്റതു കൊണ്ടാണ് അവന്റെ കാര്യം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും നെഹ്‌റ പറഞ്ഞു.
‘ഒരു ടെസ്റ്റ് മത്സരം മാത്രം വെച്ച് ഇഷാന്ത് ശര്‍മയെ വിമര്‍ശിക്കുന്നത് ശരിയല്ല. ലീഡ്‌സിലേത് ഇഷാന്തിന്റെ അവസാന ടെസ്റ്റ് ആണോ എന്ന് എന്നോട് ഒരാള്‍ ചോദിച്ചു. അങ്ങനെയൊരു ചോദ്യം ഉയര്‍ന്നത് തന്നെ എന്നെ ഞെട്ടിച്ചു. അവനെ പോലൊരു താരത്തെ ഒരു ടെസ്റ്റ് മാത്രം കൊണ്ട് വിലയിരുത്താന്‍ നിങ്ങള്‍ക്കാവില്ല.’
‘ബുംമ്രയും ജഡേജയുമെല്ലാം നോ ബോള്‍ എറിയുന്നത് പോലെ ഇഷാന്തില്‍ നിന്നും മോശം പന്തുകള്‍ വന്നേക്കാം. ഇഷാന്ത് അവന്റെ മികച്ച ഫോമിലല്ല. ആ ടെസ്റ്റ് തോറ്റത് കൊണ്ടാണ് ഇഷാന്തിന്റെ ഫോമില്ലായ്മ ചര്‍ച്ചയാവുന്നത്. ആദ്യ ടെസ്റ്റ് പരിക്കിനെ തുടര്‍ന്ന് ഇഷാന്തിന് നഷ്ടമായി. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ തന്റെ പരിചയസമ്പത്തിന്റെ ബലത്തില്‍ തിരിച്ചു വരാന്‍ ഇഷാന്തിനായി’ നെഹ്റ പറഞ്ഞു.