ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളിന്റെയും രോഹിത് ശര്‍മ്മയുടെയും ആക്രമണാത്മക സമീപനം തങ്ങളുടെ ടീമിനെ അത്ഭുതപ്പെടുത്തിയെന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റ്. ഇംഗ്ലണ്ടിനെ 246 റണ്‍സിന് പുറത്താക്കിയ ശേഷം ഇന്ത്യന്‍ ഓപ്പണര്‍മാര്‍ 74 പന്തില്‍ ഒന്നാം വിക്കറ്റില്‍ 80 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടുണ്ടാക്കി.
ഇന്ത്യയില്‍ തന്റെ ആദ്യ ടെസ്റ്റ് കളിക്കുന്ന ജയ്സ്വാള്‍ 70 പന്തില്‍ ഒമ്പത് ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉള്‍പ്പെടെ 76 റണ്‍സെടുത്തപ്പോള്‍ തന്റെ ആക്രമണോത്സുകമായ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യന്‍ ഇന്നിംഗ്സില്‍ തങ്ങള്‍ക്ക് എളുപ്പത്തില്‍ 3-4 വിക്കറ്റുകള്‍ നേടാമായിരുന്നു എന്നും എന്നാല്‍ അവരുടെ പോസിറ്റീവ് സമീപനം കാര്യങ്ങള്‍ പ്രയാസകരമാക്കിയെന്നും ഡക്കറ്റ് പറഞ്ഞു.
ഞങ്ങള്‍ക്ക് മൂന്നോ നാലോ വിക്കറ്റ് അവിടെ എളുപ്പത്തില്‍ നേടാമായിരുന്നു. എന്നാല്‍ അവര്‍ കളിച്ച രീതി തികച്ചും പോസിറ്റീവായിരുന്നു. അത് അവര്‍ക്ക് ന്യായമായ കളിയാണ്. ഇന്ത്യ ഇത്തരത്തില്‍ കളിക്കുമെന്ന് ഞാന്‍ കരുതിയില്ല. പക്ഷേ ബെന്‍ സ്റ്റോക്ക്സ് ഞങ്ങളെ ഉയര്‍ന്ന സ്‌കോറിലെത്തിച്ചു- ബെന്‍ ഡക്കറ്റ് പറഞ്ഞു.
29-കാരനായ ജെയ്സ്വാളിന്റെ ആക്രമണോത്സുകതയെ അഭിനന്ദിച്ച താരം രണ്ടാം ദിനത്തില്‍ ഇന്ത്യയെ എത്രയും പെട്ടെന്ന് പുറത്താക്കാനാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. അദ്ദേഹം മനോഹരമായി കളിച്ചുവെന്ന് ഞാന്‍ കരുതുന്നു. ഇത് ഇന്ത്യയുടെ ഹോം സാഹചര്യങ്ങളാണ്, ഇവിടെ നന്നായി കളിക്കുന്നതില്‍ കുറഞ്ഞതൊന്നും അവരുടെ കുട്ടികളില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒന്നാം ദിനം ഇന്ത്യയുടെ സര്‍വാധിപത്യമാണ് കണ്ടത്. ബാറ്റിംഗിലും ബോളിംഗിലും ഇന്ത്യ വ്യക്തമായ മേല്‍കൈ നേടിയെടുത്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 246 റണ്‍സില്‍ ഇന്ത്യ കൂടാരം കയറ്റിയ ഇന്ത്യ ആദ്യ ദിനം കളനിര്‍ത്തുമ്പോള്‍ 1 വിക്കറ്റിന് 119 റണ്‍സെന്ന നിലയിലാണ്. 9 വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനെക്കാള്‍ 127 റണ്‍സിന് മാത്രം പിന്നിലാണ് ഇന്ത്യ. യശ്വസി ജയ്സ്വാളും (76) ശുബ്മാന്‍ ഗില്ലും (14) ആണ് ക്രീസില്‍. 24 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്.