ഇന്ത്യയ്ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വിരാട് കോഹ്ലിയുടെ തിരിച്ചുവരവിന്റെ സാധ്യതയെക്കുറിച്ച് ഇംഗ്ലണ്ട് ഹെഡ് കോച്ച് ബ്രണ്ടന്‍ മക്കല്ലം ആവേശം പ്രകടിപ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യന്‍ നായകന്‍ ആദ്യ രണ്ട് ടെസ്റ്റുകളും നഷ്ടമാക്കിയിരുന്നു. എന്നാല്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ താരം മടങ്ങിയെത്തിയാല്‍ ‘വലിയ എതിരാളിയെ’ നേരിടാന്‍ തങ്ങള്‍ ഒരുക്കത്തോടെ കാത്തിരിക്കുകയാണെന്ന് മക്കല്ലം പറഞ്ഞു.
ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് വിരാട്. അദ്ദേഹം വന്നാല്‍ അത് ഇന്ത്യന്‍ ടീമിനെ മെച്ചപ്പെടുത്തും എന്നതില്‍ സംശയമില്ല. ഇന്ത്യയിലെ പ്രതിഭകള്‍ വളരെ വലുതാണ്. അതിനാല്‍ ഞങ്ങള്‍ എതിരിടുന്ന എല്ലാ കളിക്കാരെയും ഞങ്ങള്‍ ബഹുമാനിക്കുന്നു.
വിരാടിന്റെ കുടുംബം സുഖമായിരിക്കുന്നു എന്നും എല്ലാം നന്നായിരിക്കുന്നു എന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വിരാട് തിരിച്ചുവരിക ആണെങ്കില്‍ ആ വെല്ലുവിളിയും ഞങ്ങള്‍ നേരിടും- മക്കല്ലം പറഞ്ഞു.
കോഹ്ലിയുടെ തിരിച്ചുവരവിനെ കുറിച്ച് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് പോലും ഉത്തരമില്ല. ”സെലക്ടര്‍മാരോട് ചോദിക്കുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു. അടുത്ത മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീം സെലക്ഷന് മുന്നോടിയായി ഉത്തരം നല്‍കാന്‍ ഏറ്റവും മികച്ച ആളുകള്‍ അവരാണെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ അതിലേക്ക് എത്തും- അദ്ദേഹം പറഞ്ഞു.
ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ വരാനിരിക്കുന്ന മത്സരത്തില്‍ വിരാട് പങ്കെടുക്കുമോ ഇല്ലയോ എന്നത് സസ്പെന്‍സ് ആണ്. ഫെബ്രുവരി 15ന് രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ്.