ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോടേറ്റ പരാജയത്തില്‍ പ്രതികരണവുമായി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. മത്സരത്തില്‍ അധിക സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും വിരാട് കോഹ്‌ലിയുടെ ഇന്നിംഗ്‌സ് കളിയുടെ ഗതിമാറ്റിമറിച്ചെന്നും ബാബര്‍ പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും കളിക്കുമ്പോഴെല്ലാം അധിക സമ്മര്‍ദ്ദമുണ്ട്. തുടക്കത്തിലെ വിക്കറ്റുകള്‍ വീണെങ്കിലും ആ സമ്മര്‍ദ്ദം അതിജീവിക്കാന്‍ അദ്ദേഹത്തിനായി. കാരണം അയാളൊരു ഒരു വലിയ കളിക്കാരനാണ്. അദ്ദേഹം തന്റെ ഇന്നിംഗ്സ് കെട്ടിപ്പടുത്ത രീതി മത്സരത്തിന്റെ ഗതി മാറ്റിമറിച്ചു.
അദ്ദേഹം നേരത്തെ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നു, എന്നാല്‍ ഈ ഇന്നിംഗ്സ് അവന്റെ ആത്മവിശ്വാസത്തെ ഉന്നതിയിലെത്തിച്ചിരിക്കുന്നു. ഇത്തരം മത്സരങ്ങള്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുമ്പോള്‍, വ്യക്തിഗതമായി നിങ്ങള്‍ക്ക് വളരെയധികം ആത്മവിശ്വാസം ലഭിക്കും. വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും കോഹ്‌ലിക്കാണ്. ഒപ്പം ഹാര്‍ദ്ദിക്കിന്റെ ഇന്നിംഗ്‌സും പ്രശംസനീയമാണെന്നും ബാബര്‍ പറഞ്ഞു.
ഞായറാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന സൂപ്പര്‍ 12 മത്സരത്തില്‍ ഇന്ത്യ തങ്ങളുടെ ചിരവൈരികളെ നാല് വിക്കറ്റിനാണ് തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം അവസാന ബോളില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
53 പന്തില്‍ ആറ് ഫോറും നാല് സിക്സും സഹിതം പുറത്താകാതെ 82 റണ്‍സ് നേടി പുറത്താകാതെനിന്ന കോഹ്ലിയാണ് കളിയിലെ താരം. ഇന്ത്യക്ക് തുടക്കത്തിലേ കെ.എല്‍ രാഹുലിന്റെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ ബാറ്റ് ചെയ്യാനെത്തിയ കോഹ്‌ലി പിന്നീട് പിന്നീട് തിരിഞ്ഞുനോക്കിയില്ല.