ഷമീല്‍ സലാഹ്
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ അവിസ്മരണീയമായ അദ്ധ്യായമാക്കി മാറ്റിയ ഒരു മത്സരം…
മത്സരത്തിന്റെ അവസാന ഓവറിലേക്ക് നീങ്ങുമ്പോള്‍ 1 വിക്കറ്റ് കൈയിലിരിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് മത്സരം ജയിക്കാന്‍ വേണ്ടത് 6 റണ്‍സ് കൂടി ആയിരുന്നു. ആ സമയം അവസാന ഓവര്‍ എറിയാനായി വരുന്ന സച്ചിനെ കണ്ടപ്പോള്‍ ഈഡന്‍ ഗാര്‍ഡന്‍സ് സ്തംഭിച്ചു പോയി. എന്തുകൊണ്ടാണ് സച്ചിനെ കൊണ്ട് അവസാന ഓവര്‍ എറിയിക്കുന്നത്? ഇന്ത്യയുടെ മുന്‍നിര ബോളര്‍മാരായ കപില്‍ ദേവ്, ജവഗല്‍ ശ്രീനാഥ്, മനോജ് പ്രഭാകര്‍ എന്നിവര്‍ക്കെല്ലാം ഓവര്‍ ബാക്കിയുണ്ടല്ലോ…ഇതിനുമുമ്പ് ഈ മത്സരത്തില്‍ ഒരു ഓവര്‍ പോലും എറിയാതിരുന്ന സച്ചിന്‍ എന്തിനാണ്? ഈഡനിലെ കാണികള്‍ വിളിച്ച് കൂവി; ‘Azhar ki pagol? Kopil thakte keu Sochin ke ball dey?’…
അവസാന ഓവര്‍ എറിയാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതിന് മുന്നോടിയായി അല്പസമയമായി ഈഡന്‍ നിശ്ചലമായിരിക്കുകയായിന്നു. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, സീനിയര്‍ താരം കപില്‍ ദേവ്, സച്ചിന്‍ എന്നിവരെല്ലാം പിച്ചിന്റെ നടുവില്‍ നീണ്ട ഒരു ചര്‍ച്ചയുടെ ഭാഗമായി നില്‍ക്കുന്നു.. ടീമിലെ പന്ത്രണ്ടാമനായ വെങ്കടപതി രാജു ഡ്രസ്സിംഗ് റൂമില്‍ നിന്ന് വെള്ളക്കുപ്പികളുമായി ആ സമയം അവിടേക്ക് ഓടി വരുന്നു …, വ്യക്തമായും മാനേജ്‌മെന്റില്‍ നിന്നുള്ള ഒരു സന്ദേശവുമായിട്ടായിരുന്നു ആ വരവ്. ടീം മാനേജര്‍ അജിത് വഡേക്കര്‍ നല്‍കിയ ആ സന്ദേശത്തില്‍ പരിചയസമ്പന്നനായ കപിലിനോട് ബോള്‍ ചെയ്യാനായിരുന്നു.എന്നാല്‍ കപില്‍ ബോള്‍ ചെയ്യാന്‍ വിമുഖത കാണിച്ചു. അഞ്ച് മിനിറ്റോളം നീണ്ട ആ ചര്‍ച്ചക്കൊടുവില്‍ അന്നത്തെ 20 കാരനായ സച്ചിന്‍ പന്ത് കൈപറ്റുന്നു.
നവംബര്‍ 24, 1993: ആതിഥേയരായ ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങള്‍ പങ്കെടുത്ത CAB ജൂബിലി ടൂര്‍ണമെന്റായ ‘ദി ഹീറോ കപ്പില്‍’ അതിന്റെ സെമി ഫൈനല്‍ മാച്ചില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടുന്ന മത്സരത്തിന്റെ അവസാന ഓവറിന്റെ മുന്നോടിയായിട്ടായിരുന്നു ഈ നാടകീയ സംഭവങ്ങള്‍.ആ സന്ദര്‍ഭത്തിന് അനുസരിച്ചു സമയം അനുവദിച്ചു തന്ന അമ്പയര്‍മാര്‍ ഉദാരമതികളുമായിരുന്നു എന്നതിന് നന്ദിയും പറയണം.
നേരത്ത ആ പകല്‍/രാത്രി മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുന്ന ഇന്ത്യ.
എന്നാല്‍…., ഫാനി ഡിവില്ലിയേഴ്സിന്റെയും റിച്ചാര്‍ഡ് സ്നെലിന്റെയും തീപ്പൊരി സ്പെല്ലിനു മുന്നില്‍ ഇന്ത്യന്‍ ടോപ്പ് ഓര്‍ഡര്‍ തകര്‍ന്നതോടെ ആ തീരുമാനം തിരിച്ചടിയുമായി. ദക്ഷിണാഫ്രിക്കയുടെ കുറ്റമറ്റ നിയന്ത്രണവും മൈതാനത്തെ അതിമനോഹരമായ പ്രകടനവും ഇന്ത്യയെ ഒറ്റയടിക്ക് 4 വിക്കറ്റിന് 50 റണ്‍സ് എന്ന നിലയിലും ആക്കി. അജയ് ജഡേജ, മനോജ് പ്രഭാകര്‍, വിനോദ് കാംബ്ലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ പവലിയനില്‍ നേരത്തെ തിരിച്ചെത്തിയതോടെ, ഈഡന്റെ യഥാര്‍ത്ഥ ഹീറോ അസ്ഹറുദ്ദീന്‍ വീണ്ടും മേലങ്കി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. എന്നത്തേയും പോലെ, സ്‌റ്റൈലിഷ് ഹൈദരാബാദുകാരന്‍ നിരാശപ്പെടുത്തിയിയുമില്ല. അസ്ഹറുദ്ദീന്റെ കൈത്തണ്ടകള്‍ സില്‍കി സ്‌റ്റൈലിലൂടെ പണിയെടുക്കുകയും ഈഡന്‍ ഗാര്‍ഡനിലൂടെ മറ്റൊരു ഇന്നിംഗ്‌സ് രൂപപ്പെടുത്തുകയും ചെയ്തു. 90 റണ്‍സെടുത്ത അദ്ദേഹം ആറാം വിക്കറ്റില്‍ പ്രവീണ് ആംറെയ്ക്കൊപ്പം 95 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആംറെയുടെ നിര്‍ഭാഗ്യകരമായ റണ്ണൗട്ടിനു ശേഷം, ഇന്ത്യന്‍ വാലറ്റം രണ്ടക്കം കടക്കാതെയും വന്നപ്പോള്‍ ഇന്ത്യന്‍ ടോട്ടല്‍ 195 എന്ന സ്‌കോറിലെത്തിക്കാനെ കഴിഞ്ഞുള്ളൂ.
ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍, കേവലമായ നാടകീയത മാത്രമേ ആതിഥേയരെ വിജയിപ്പിക്കൂ എന്ന് വ്യക്തമായിരുന്നു. അത് നല്‍കാന്‍ ദക്ഷിണാഫ്രിക്ക എല്ലാം ചെയ്തു തന്ന പോലെയായിരുന്നു പിന്നീടുള്ള കാര്യങ്ങള്‍. അതിന്റെ ഭാഗമായി ബാറ്റ്സ്മാന്‍മാരില്‍ മൂന്ന് പേര്‍ ഒരു വശത്ത് നിന്ന് റണ്ണൗട്ടായി, സ്പിരിറ്റോടെ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ പറന്ന് നടന്നു. മിതമായ ടോട്ടല്‍ പ്രതിരോധിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തോന്നിപ്പിച്ച ആ മത്സരം പക്ഷേ, ലൈറ്റുകള്‍ക്ക് കീഴില്‍ ഇളംനീല നിറമണിഞ്ഞ യോദ്ധാക്കള്‍ പ്രോട്ടിയാസിനെ വിയര്‍ക്കാനുള്ള ദൃഢനിശ്ചയം കാണിക്കുകയായിരുന്നു…. ഇന്ത്യന്‍ ഫീല്‍ഡിംഗ് യഥാര്‍ത്ഥത്തില്‍ ഒരു പ്ലാനിലാണ് പ്രവര്‍ത്തിക്കുന്നത്. നടപടികള്‍ ഇന്ത്യയുടെ വഴിക്ക് സാവധാനം നീങ്ങിക്കൊണ്ടിരുന്നു….. ഇന്ത്യന്‍ പേസര്‍മാര്‍ ബൗണ്ടറികള്‍ നിയന്ത്രണത്തിലാക്കി, ചില മികച്ച ഫീല്‍ഡിംഗ് പ്രോട്ടീയസിനെ പന്ത് ഉയര്‍ത്തിയടിക്കാനും മടിച്ചു. എന്നാല്‍ മത്സരം അവസാന ഘട്ടങ്ങളിലേക്ക് നീങ്ങി കൊണ്ടിരിക്കുമ്പോള്‍ ആന്‍ഡ്രൂ ഹഡ്സണും ബ്രയാന്‍ മാക്മില്ലനും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് നീങ്ങിത്തുടങ്ങിയതോടെ പ്രോട്ടിയാസ് ടീം ആ കളി വീണ്ടും നിയന്ത്രണത്തിലാക്കി.
ഇതൊട് കൂടി നിരാശരായ ഒരുകൂട്ടം കാണികള്‍ ഇന്ത്യന്‍ തോല്‍വി പ്രതീക്ഷിച്ച് ഗ്രൗണ്ട് വിടാന്‍ തുടങ്ങിയിരുന്നു. തിങ്ങി നിറഞ്ഞിരുന്ന ഗാലറിയില്‍ ചില ഭാഗങ്ങള്‍ തെളിഞ്ഞു, എന്നാല്‍ കുറച്ച് ശുഭാപ്തിവിശ്വാസികള്‍ അവിടെ ഉറച്ചു നിന്നു. എന്നിരുന്നാലും, അനില്‍ കുംബ്ലെയുടെയും അജയ് ജഡേജയുടെയും അവതരണത്തോടെ വീണ്ടും കളി മാറി. റോഡ്സ്, പാറ്റ് സിംകോക്സ്, ഹഡ്സണ്‍ എന്നിവരെ 20 റണ്‍സിനിടെ പുറത്താക്കിയത് മത്സരത്തില്‍ ഇന്ത്യക്ക് വീണ്ടും വഴിത്തിരിവായി. ഹഡ്സനെ കുംബ്ലെ പുറത്തേക്ക് വിട്ടപ്പോള്‍ റോഡ്സിനെ ജഡേജയുടെ പന്തില്‍ കവറില്‍ അസ്ഹറുദ്ദീന്‍ ഉജ്ജ്വലമായും പിടികൂടി.
എന്നാല്‍ വീണ്ടും മാറിത്തുടങ്ങുമെന്ന് തോന്നിച്ചു 46-ാം ഓവറില്‍ 14 റണ്‍സ് വഴങ്ങി ബ്രയാന്‍ മക്മില്ലന്‍ ശ്രീനാഥിനെ ശിക്ഷിച്ചു. അത്തരം കടുത്തതായ പരീക്ഷണത്തിന് ശേഷമായിരുന്നു, അവസാന ആറ് പന്തില്‍ വിജയിക്കാന്‍ 6 റണ്‍സായി കാര്യങ്ങള്‍ കുറഞ്ഞിരിക്കുന്ന അവസ്ഥയിലേക്കെത്തിയത്. അതെ, അവിടെ നിന്നായിരുന്നു ഇതിഹാസം യഥാര്‍ത്ഥത്തില്‍ ആരംഭിക്കുന്നത്.
അങ്ങനെ ബോള്‍ ചെയ്യാന്‍ തുടങ്ങിയ സച്ചിന്റെ ആദ്യ പന്തില്‍ മക്മില്ലന്‍ ഒരു റണ്‍ നേടിയെങ്കിലും രണ്ടാമത്തെ റണ്‍സിനായുള്ള വിഫലശ്രമം ഫീല്‍ഡില്‍ സലീല്‍ അംഗോളയുടെ മിടുക്കില്‍ ഫാനി ഡിവില്ലിയേഴ്‌സിന്റെ വിക്കറ്റ് റണ്ണൗട്ടിലൂടെ അവര്‍ നഷ്ടപ്പെടുത്തി. ആ സമയം അവിടെ അവസാന വിക്കറ്റ് അലന്‍ ഡൊണാള്‍ഡ് ക്രീസിലെത്തി. ഡൊണാള്‍ഡിന് ഒരു സിംഗിള്‍ ചെയ്യാന്‍ കഴിയുമെങ്കില്‍, മക്മില്ലന്‍ സച്ചിനെ നേരിടുകയും അവര്‍ക്ക് ആവശ്യമുള്ള റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്യാം. ആയതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് അവിടെ വേണ്ടിയിരുന്നത് സിംഗിള്‍ ആയിരുന്നു. എന്നാലോ സച്ചിന്‍ എറിഞ്ഞ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും പന്തുകള്‍ ഡോട്ട് ബോളുകളായിരുന്നു. ആ പന്തുകളിലൊന്നും ഡൊണാള്‍ഡിന് റണ്‍സ് സ്വന്തമാക്കാനും കഴിഞ്ഞില്ല.
ഇപ്പോള്‍ രണ്ട് പന്തില്‍ ജയിക്കാന്‍ അഞ്ച്. അങ്ങനെ അഞ്ചാം പന്തില്‍ ഡൊണാള്‍ഡ് സിംഗിള്‍ റണ്ണെടുത്തു. അവസാന പന്തില്‍ ജയിക്കാന്‍ നാല് റണ്‍സ്. എന്നാലോ, മക്മില്ലന് ഒരു റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഫലം ഇന്ത്യക്ക് 2 റണ്‍സിന്റെ അവിശ്വസനീയ വിജയം.. ആ സമയമവിടെ ഉജ്വലമായ ആ വിജയത്തില്‍ ഇന്ത്യന്‍ ടീം ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ ഈഡന്‍ ഗാര്‍ഡന്‍സിലെമ്പാടും പേപ്പര്‍ മഷലുകള്‍ പ്രകാശിപ്പിക്കുകയായിരുന്നു. ഈഡനിലെ ഗാലറികള്‍ ‘ഇലക്ട്രിക്’ അന്തരീക്ഷമാവുകയായിരുന്നു. ആ രാത്രിയില്‍ അവിടെ തങ്ങാന്‍ ധൈര്യപ്പെട്ട ഓരോ ആരാധകനും അത് അനുഭവപ്പെട്ടു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഇന്ത്യന്‍ ഡ്രസിംഗ് റൂമിലേക്ക് ഷാംപെയ്ന്‍ കുപ്പികള്‍ അയച്ചു.
അടുത്ത കളിയില്‍ വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ ഹീറോ കപ്പ് നേടി, പക്ഷേ ആ സെമി ഫൈനല്‍ ഇന്ത്യന്‍ ആരാധകരുടെ ഓര്‍മ്മകളില്‍ ‘ദീപാവലി ബ്ലോക്ക്ബസ്റ്റര്‍’ ആയി പതിഞ്ഞിരുന്നു. കപില്‍ദേവിനെ പോലുള്ള ഒരാള്‍ തന്റെ അരികില്‍ നില്‍ക്കുമ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ വിശ്വസിക്കാന്‍ അസ്ഹറിനെ പ്രേരിപ്പിച്ചതെന്താണെന്ന് ഇപ്പോഴും ദുരൂഹമാണ്. ഒരു പക്ഷെ സച്ചിന്റെ ആ പ്രായത്തില്‍ വിശ്വസിച്ചായിരുന്നിരിക്കാം.
അല്ലെങ്കില്‍ അതിനെ എങ്ങനെയോ ഫലം കണ്ട ഇതിഹാസ അനുപാതങ്ങളുടെ ഒരു ചൂതാട്ടമായിരിക്കാം. അതും ഇന്ത്യയുടെ മുന്‍നിര ബോളര്‍മാരുടെ ഓവറുകള്‍ ഇനിയും ബാക്കിയുണ്ടായിരുന്ന ആ വേളയില്‍ അങ്ങനെയൊരു സംഭവം..! അസ്ഹറുദ്ദീന്‍ പിന്നീടൊരിക്കല്‍ അതേകുറിച്ചു പറയുകയുണ്ടായി; ”ഏത് ബോളറെയും ആ ലെവലില്‍ അഞ്ച് റണ്‍സിന് എളുപ്പത്തില്‍ അടിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അതിനാല്‍, ഞങ്ങള്‍ മറ്റൊരു തന്ത്രം ആലോചിച്ചു. അത് സച്ചിന് പന്ത് നല്‍കാനുള്ള സ്വതസിദ്ധമായ ഒരു ചിന്തയായിരുന്നു.’
സച്ചിനെ സംബന്ധിച്ചിടത്തോളം, അടുത്ത രണ്ട് ദശാബ്ദങ്ങളില്‍ അദ്ദേഹം ശേഖരിച്ച റണ്ണുകളുടെ പര്‍വതങ്ങള്‍ ഉണ്ടങ്കിലും, ആ പ്രകടനം അദ്ദേഹത്തിന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത ഒന്നായി നിലനില്‍ക്കും എന്നത് തീര്‍ച്ചയുള്ള ഒരു കാര്യമാണ്. അത് സച്ചിന്‍ തന്ന അന്ന് പറഞ്ഞ വാക്കുകളിലൂടെ; ”ഇത് തികച്ചും അവിസ്മരണീയവും തികച്ചും വ്യത്യസ്തവുമായിരുന്നു, ഞാന്‍ അവസാന ഓവര്‍ ബോള്‍ ചെയ്ത ആദ്യ പകല്‍- രാത്രി മത്സരം. സ്റ്റേഡിയം മുഴുവനും ടോര്‍ച്ചുകള്‍ കത്തിക്കുന്നത് കാണാനുള്ള ആ അനുഭവത്തില്‍ ഞാന്‍ ഈ ലോകത്തിന് പുറത്തായിരുന്നു. എന്റെ ജീവിതകാലം മുഴുവന്‍ അവരും ആ നിമിഷങ്ങളും എന്നോടൊപ്പമുണ്ട്’.
ഈഡന്‍ ഗാര്‍ഡന്‍സിനും, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും, ആ ‘റൈറ്റ് ആം ഓവര്‍’ ബോളര്‍ സച്ചിനുമൊക്കെ ഇത് ഒരു പ്രത്യേക രാത്രിയായിരിക്കുമ്പോള്‍. ദൂരദര്‍ശന്‍ കവറേജിലൂടെ, ഈ മാന്ത്രിക വിജയം വീക്ഷിച്ച ആ രാത്രി ഈ രാജ്യത്തെ മുഴുവന്‍ ഭ്രാന്തന്മാരാക്കിയിരുന്നു. ഈഡനില്‍ അവിസ്മരണീയമായ നിരവധി ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ ഇത്, ഈ വിജയം കണ്ട എല്ലാ ഇന്ത്യന്‍ ആരാധകരുടെയും ഓര്‍മ്മയില്‍ എപ്പോഴും ഒരു പ്രത്യേക സ്ഥാനം കണ്ടെത്തും. ആ ചരിത്രവിജയത്തിന് 28 ആണ്ടുകള്‍..
കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7