ദക്ഷിണാഫ്രിക്ക എയ്ക്ക് എതിരായ ടെസ്റ്റില്‍ അമ്പയറോട് ഉടക്കി ഇന്ത്യന്‍ സ്പിന്നര്‍ രാഹുല്‍ ചഹാര്‍. എല്‍ബിഡബ്ല്യു അപ്പീലില്‍ അമ്പയര്‍ ഔട്ട് വിധിക്കാതിരുന്നതാണ് ചഹാറിനെ പ്രകോപിപ്പിച്ചത്. സണ്‍ഗ്ലാസ് വലിച്ചെറിഞ്ഞാണ് താരം കലിപ്പ് തീര്‍ത്തത്.
ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന്റെ 25ാം ഓവറിലാണ് സംഭവം. എല്‍ബിഡബ്ല്യുയില്‍ രാഹുല്‍ ചഹാര്‍ ശക്തമായി അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ ഔട്ട് വിളിച്ചില്ല. പിന്നാലെ സണ്‍ഗ്ലാസ് നിലത്തേക്ക് എറിഞ്ഞ രാഹുല്‍ ചഹാര്‍ അമ്പയറോട് കയര്‍ക്കുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യന്‍ ബോളര്‍മാരില്‍ രാഹുല്‍ ചഹാറാണ് കൂടുതല്‍ റണ്‍സ് വഴങ്ങിയത്.
ചതുര്‍ദിന മത്സരത്തിന്റെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ എ. ആറു വിക്കറ്റ് കയ്യിലിരിക്കെ ദക്ഷിണാഫ്രിക്കന്‍ സ്‌കോറിനേക്കാള്‍ 201 റണ്‍സ് പിന്നില്‍.ഒന്നാം ഇന്നിംഗ്‌സില്‍ 509 റണ്‍സ് ആണ് ആതിഥേയര്‍ കണ്ടെത്തിയത്.
സെഞ്ച്വറിയുമായി പടനയിച്ച അഭിമന്യു ഈശ്വരനാണ് ഇന്ത്യന്‍ എയുടെ തിരിച്ചടിക്ക് ചുക്കാന്‍ പിടിച്ചത്. അഭിമന്യു 209 പന്തില്‍ 16 ഫോറുകളോടെ 103 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ പ്രിയങ്ക് പഞ്ചല്‍ 171 പന്തില്‍ 14 ഫോറുകളോടെ 96 റണ്‍സെടുത്തു. ഓപ്പണര്‍ പൃഥ്വി ഷാ (48), ഹനുമ വിഹാരി (25) എന്നിവരാണ് ഇന്ത്യ എ നിരയില്‍ പുറത്തായ മറ്റുള്ളവര്‍.