കോഹ്‌ലിയും രാഹുലുമൊന്നുമല്ല, രണ്ടാം ടെസ്റ്റില്‍ അവന്‍ ഇന്ത്യയെ ജയിപ്പിക്കും; നിരീക്ഷണവുമായി മുന്‍ പരിശീലകന്‍

ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായകമായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ശേഷിയുള്ള താരത്തെ ചൂണ്ടിക്കാണിച്ച് മുന്‍ ബോളിംഗ് പരിശീലകന്‍ ഭരത് അരുണ്‍. ആദ്യ ടെസ്റ്റില്‍ ബാറ്റിംഗില്‍ തിളങ്ങിയ വിരാട് കോഹ്‌ലി കെഎല്‍ രാഹുല്‍ എന്നിവരെ തഴഞ്ഞ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയാണ് രണ്ടാം ടെസ്റ്റിലെ ഹീറോയായി ഭരത് അരുണ്‍ ചൂണ്ടിക്കാണിക്കുന്നത്.

സ്വന്തം ബോളിംഗില്‍ ശ്രദ്ധിക്കുക മാത്രമല്ല, ടീമംഗങ്ങളായ മറ്റു ബോളര്‍മാരെയും തനിക്കു പിന്നില്‍ ബുംറ അണിനിരത്തേണ്ടത് വളരെയധികം പ്രധാനമാണ്. ബുംറയെക്കുറിച്ച് എനിക്കു നന്നായി അറിയാം. അവന്‍ വളരെയധികം കുശാഗ്രബുദ്ധിയുള്ളവനും മൂര്‍ച്ചയുള്ളവനും വളരെ നന്നായി ചിന്തിക്കുന്ന ബോളറുമാണ്.

രണ്ടാം ടെസ്റ്റിനു മുമ്പ് നമ്മുടെ ബോളര്‍മാര്‍ ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ കൂടിയാലോചിച്ചിട്ടുണ്ടാവുമെന്നു എനിക്കുറപ്പാണ്. തന്ത്രങ്ങളില്‍ അവര്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാവും. അടുത്ത ടെസ്റ്റില്‍ ഇന്ത്യന്‍ ബോളര്‍മാരുടെ തിരിച്ചുവരവില്‍ ബുംറ വളരെ പ്രധാനപ്പെട്ട റോള്‍ വഹിക്കും.

Read more

ആദ്യ ടെസ്റ്റില്‍ ജസ്പ്രീത് ബുംറ വളരെ മികച്ച രീതിയില്‍ തന്നെ ബോള്‍ ചെയ്തു. പക്ഷെ ബാക്കിയുള്ളവര്‍ക്കു അതിനു കഴിഞ്ഞില്ല. ബുംറയ്ക്കു മതിയായ പിന്തുണ മറ്റു ബോളര്‍മാരില്‍ നിന്നും ലഭിച്ചതായി ഞാന്‍ കരുതുന്നില്ല. ഏറ്റവും കുറഞ്ഞത് ഒരുപാട് റണ്‍സെങ്കിലും വഴങ്ങാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കണമായിരുന്നു- ഭരത് അരുണ്‍ പറഞ്ഞു.