ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് ഉപയോഗിച്ച ന്യൂലാന്‍ഡ്സ് പിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ‘തൃപ്തികരമല്ല’ എന്ന് വിലയിരുത്തി. രണ്ട് ദിവസത്തിനുള്ളില്‍ അവസാനിച്ച മത്സരത്തില്‍ ഇന്ത്യ 7 വിക്കറ്റിന് വിജയിച്ച് പരമ്പര 1-1 ന് സമനിലയിലാക്കിയിരുന്നു.
അമ്പയര്‍മാരോട് സംസാരിച്ചതിന് ശേഷം ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡ് പിച്ച് തൃപ്തികരമല്ലെന്ന് വിലയിരുത്തി. പെട്ടെന്നുള്ള ബൗണ്‍സ് കാരണം ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പിച്ചായിരുന്നു ഇതെന്ന് ക്രിസ് ബ്രോഡ് പറഞ്ഞു.
പിച്ച് തൃപ്തികരമല്ലെന്ന് വിലയിരുത്തിയാല്‍, വേദിക്ക് ഒരു ഡിമെറിറ്റ് പോയിന്റ് നല്‍കും. ഒരു വേദി ആറ് ഡീമെറിറ്റ് പോയിന്റില്‍ എത്തിയാല്‍, ഒരു വര്‍ഷത്തേക്ക് ഒരു അന്താരാഷ്ട്ര മത്സരവും ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെടും.
12 ഡീമെറിറ്റ് പോയിന്റുകള്‍ ഉണ്ടായാല്‍ 2 വര്‍ഷമാണ് പിഴ. ഈ പോയിന്റുകള്‍ അഞ്ച് വര്‍ഷത്തേക്ക് സജീവമായി തുടരുന്നു. ഉപരോധത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് 14 ദിവസത്തെ സമയമുണ്ട്.
ന്യൂലാന്‍ഡ്സില്‍ കളി പൂര്‍ത്തിയാക്കാന്‍ വെറും 642 പന്തു മാത്രമാണ് മതിയായി വന്നത്. ആദ്യ ഇന്നിംഗ്സില്‍ പ്രോട്ടീസ് 55 റണ്‍സിന് പുറത്തായി. മുഹമ്മദ് സിറാജ് 6 വിക്കറ്റ് വീഴ്ത്തി. ബോര്‍ഡില്‍ 153 റണ്‍സ് ഉയര്‍ത്തിയ ശേഷം ഇന്ത്യ 98 റണ്‍സിന്റെ ലീഡ് നേടി.
എയ്ഡന്‍ മാര്‍ക്രം രണ്ടാം ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയെങ്കിലും രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിന് 79 റണ്‍സ് മാത്രമാണ് വിജയലക്ഷ്യമായി മുന്നില്‍വന്നത്. ഇത് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.