രണ്ടാം ടി20യിലെ അഞ്ച് വിക്കറ്റ് തോല്‍വിയ്ക്ക് ശേഷം, ജോഹന്നാസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 106 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തി പരമ്പയില്‍ സമിനല പിടിച്ചു. ദക്ഷിണാഫ്രിക്കയിലെ ടി20യില്‍ തങ്ങളുടെ മിന്നുന്ന റെക്കോര്‍ഡ് അതേപടി തുടരുന്ന ഇന്ത്യന്‍ ടീമിനായി സൂര്യകുമാര്‍ യാദവും കുല്‍ദീപ് യാദവും തിളങ്ങി.
ഇന്ത്യന്‍ ജോഡികളുടെ അവിശ്വസനീയമായ പ്രകടനത്തിന് പുറമെ, കളിയുടെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ ടീമിന് ഡിആര്‍എസ് ലഭ്യമല്ലാത്തതും വാര്‍ത്തകളില്‍ ഇടം നേടി. രവീന്ദ്ര ജഡേജയ്ക്കെതിരെ ഇന്നിംഗ്സിന്റെ ഒമ്പതാം ഓവറില്‍ സ്റ്റാര്‍ ബാറ്റര്‍ ഡേവിഡ് മില്ലറിനാണ് ലൈഫ്ലൈന്‍ ലഭിച്ചത്.
ഓവറിലെ നാലാം പന്തില്‍ മില്ലറുടെ ബാറ്റില്‍ ഉരസി പാഞ്ഞ പന്ത് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ സുരക്ഷിതമായി പിടിച്ചെടുത്തു. ഇന്ത്യന്‍ ടീം അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ നോട്ടൗട്ട് സിഗ്‌നലില്‍ തല കുലുക്കി. റിവ്യൂവിന് പോകാന്‍ ജഡേജ ശ്രമിച്ചെങ്കിലും അമ്പയര്‍ ഡിആര്‍എസ് അനുവദിച്ചില്ല.
സാങ്കേതിക തകരാര്‍ മൂലം ഡിആര്‍എസ് മുടങ്ങിയതാണ് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായത്. എന്നിരുന്നാലും കുറച്ച് ഓവറുകള്‍ക്ക് ശേഷം ഡിആര്‍എസ് പുനഃസ്ഥാപിച്ചു. പക്ഷേ ഉറപ്പായ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി.