കേപ്ടൗണ്‍ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ തേര്‍ഡ് അമ്പയറുടെ തീരുമാനം ഏറെ വിവാദമായിരിക്കുകയാണ്. ഉറപ്പായും എല്‍ബിഡബ്യു വിക്കറ്റ് ലഭിക്കേണ്ടയിടത്ത് തേര്‍ഡ് അമ്പയര്‍ അത് നിരസിച്ചതാണ് ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ നായകനും ഓപ്പണറുമായ ഡീന്‍ എല്‍ഗറിനെയാണ് തേര്‍ഡ് അമ്പയര്‍ അകമഴിഞ്ഞ് കനിഞ്ഞത്.
ആര്‍ അശ്വിനെറിഞ്ഞ 21ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. നാലാമത്തെ ബോളില്‍ ഡീന്‍ എല്‍ഗിനെ ആര്‍ അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ ഒന്നടങ്കം അപ്പീല്‍ ചെയ്തതിനു പിന്നാലെ അമ്പയര്‍ മറെയ്‌സ് ഇറാസ്മസ് ഔട്ട് അനുവദിക്കുകയും ചെയ്തു. എന്നാല്‍ എല്‍ഗര്‍ ഡിആര്‍എസ് വിളിച്ചു.
പന്ത് ബാറ്റില്‍ ടച്ച് ചെയ്യാതെയാണ് പാഡില്‍ പതിച്ചെന്നു വ്യക്തമായതോടെ തേര്‍ഡ് അമ്പയര്‍ ബോള്‍ ട്രാക്കിംഗ് പരിശോധിച്ചു. പക്ഷെ ബോള്‍ ട്രാക്കിംഗില്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് പന്ത് സ്റ്റമ്പിന് തൊട്ടുമുകളിലൂടെ തൊട്ടു തൊട്ടില്ല എന്ന തരത്തില്‍ പോവുകയായിരുന്നു. ഇന്ത്യന്‍ താരങ്ങളും കോഹ്ലിയും അവിശ്വസനീയതോടെയാണ് ഗ്രൗണ്ടിലെ വലിയ സ്‌ക്രീനില്‍ ഇതു കണ്ടത്.
ഫീല്‍ഡ് അമ്പയര്‍മാരും തേര്‍ഡ് അമ്പയറിന്റെ തീരുമാനത്തില്‍ അമ്പരന്നു. തേര്‍ഡ് അമ്പയറുടെ തീരുമാനം വന്നതിനു പിന്നാലെ ‘അത് അസാദ്ധ്യം’ എന്ന് ഫീല്‍ഡ് അമ്പയര്‍ ഇറാസ്മസ് പറയുന്നത് സ്റ്റമ്പ് മൈക്ക് ഒപ്പിയെടുത്തു. കോഹ്‌ലിയും അശ്വിനും രാഹുലും തേര്‍ഡ് അമ്പയറിന്റെ തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിച്ചു.