കാര്യവട്ടത്ത് നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെ അവസാനത്തെയും ഏകദിനത്തില്‍ വമ്പന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോഹ് ലിയുടെയും സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
കോഹ്‌ലി 110 ബോളില്‍ 8 സിക്‌സിന്റെയും 13 ഫോറിന്റെയും അകമ്പടിയില്‍ 166* റണ്‍സെടുത്തു പുറത്താകാതെനിന്നു. ഏകദിനത്തില്‍ കോഹ് ലിയുടെ 46ാമത്തെയും ഇന്ത്യയിലെ 21ാം സെഞ്ച്വറിയുമാണിത്. ശുഭ്മാന്‍ ഗില്‍ 97 പന്തില്‍ നിന്ന് 14 ഫോറുകളും രണ്ട് സിക്സറുകളും സഹിതം 116 റണ്‍സെടുത്തു.
നായകന്‍ രോഹിത് ശര്‍മ്മ 42, ശ്രേയസ് അയ്യര്‍ 38, കെഎല്‍ രാഹുല്‍ 7, സൂര്യകുമാര്‍ 4 എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ലങ്കയ്ക്കായി ലഹിരു കുമാര, കസുന്‍ രജിത എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ചമിക കരുണരത്‌നെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടീമില്‍ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. സൂര്യകുമാര്‍ യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ പ്ലെയിംഗ് ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും ഉമ്രാന്‍ മാലിക്കിനും ഇന്ത്യ വിശ്രമം അനുവദിച്ചു.
ശ്രീലങ്കയും ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അഷെന്‍ ബണ്ടാര, ജെഫ്രി വാന്‍ഡര്‍സെ എന്നിവര്‍ ടീമിലിടം പിടിച്ചു. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് ഇതിനോടകം പരമ്പര കൈവിട്ട ശ്രീലങ്ക അവസാന മത്സരമേലും വിജയിച്ച് നാണക്കേട് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്. ഇന്ത്യ വൈറ്റ് വാഷാണ് ലക്ഷ്യം വയ്ക്കുന്നത്.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: അവിഷ്‌ക ഫെര്‍ണാണ്ടോ, നുവാനിദു ഫെര്‍ണാണ്ടോ, കുസല്‍ മെന്‍ഡിസ്, അഷെന്‍ ബണ്ടാര, ചരിത് അസലങ്ക, ദസുന്‍ ഷനക, വനിന്ദു ഹസരംഗ, ജെഫ്രി വാന്‍ഡര്‍സെ, ചാമിക കരുണരത്നെ, കസുന്‍ രജിത, ലഹിരു കുമാര