ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയം ആഘോഷിച്ചിരിക്കുകയാണ്. ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായ മത്സരത്തില്‍ അനായാസ വിജയമാണ് ഇന്ത്യ നേടിയത്. എന്നാല്‍ മത്സരത്തില്‍ ഒരാളുടെ പ്രകടനം മാത്രം നിരാശ സമ്മാനിച്ചിരിക്കുകയാണ്. ഇത് ഏറെ പ്രതീക്ഷ നല്‍കിയിരിക്കുന്നത് സഞ്ജു സാംസണാണ്.
മത്സരത്തില്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ ഏകതാരം മനീഷ് പാണ്ഡെയായിരുന്നു. 40 പന്ത് നേരിട്ട പാണ്ഡെയ്ക്ക് 26 റണ്‍സ് മാത്രമാണ് നേടാനായത്. ഇതേതുടര്‍ന്ന് മനീഷിന്റെ മെല്ലേപ്പോക്കിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പലപ്പോഴും ബാറ്റിംഗിലെ മെല്ലെപ്പോക്കിന്റെ പേരില്‍ പഴി കേള്‍ക്കുന്ന താരമാണ് പാണ്ഡെ. ഐ.പി.എല്ലിലും താരം ഇതിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു.
മനീഷിന് പകരം സഞ്ജു സാംസണ്‍ ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയവരില്‍ ആര്‍ക്കെങ്കിലും അവസരം നല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ സഞ്ജു സാംസണാണ് സാധ്യത കൂടുതല്‍. ഇഷാന്‍ കിഷന്‍ അര്‍ദ്ധ സെഞ്ച്വറി പ്രകടനത്തോടെ ടീമില്‍ സ്ഥാനമുറപ്പിച്ച സാഹചര്യത്തില്‍ മനീഷ് പാണ്ഡെ പുറത്തായാല്‍ മാത്രമേ സഞ്ജുവിന് ഇടംപിടിക്കാനാവൂ. പരിക്കിനെ തുടര്‍ന്നാണ് ആദ്യ ഏകദിനത്തില്‍ നിന്ന് സഞ്ജുവിനെ മാറ്റിനിര്‍ത്തിയത്.
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചു കയറിയത്. ലങ്ക മുന്നോട്ടുവെച്ച 263 റണ്‍സെന്ന വിജയ ലക്ഷ്യം 36.4 ഓവറില്‍ 80 ബോള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 95 ബോളില്‍ 86 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ ശിഖര്‍ ധവനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.