ലോകകപ്പില്‍ ഇന്ത്യയുടെ മുന്നറിയിപ്പ് ; സന്നാഹമത്സരത്തില്‍ തന്നെ കൈത്തരിപ്പ് അറിഞ്ഞത് വമ്പന്മാര്‍

അണ്ടര്‍ 19 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് സന്നാഹമത്സരത്തില്‍ തകര്‍പ്പന്‍ ജയം. കരുത്തരായ ഓസ്‌ട്രേലിയയ്ക്ക് എതിരേ 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമായിരുന്നു സ്വന്തമാക്കിയത്. വെള്ളിയാഴ്ച്ച ലോകകപ്പിന് തുടക്കം കുറിക്കാനിരിക്കെ ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുന്നതാണ് വിജയം.

ഓപ്പണര്‍ ഹര്‍നൂര്‍സിങ് പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. 72 റണ്‍സ് നേടി ഷെയിഖ് റഷീദ് പിന്തുണ കൊടുത്തു. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ ഇന്ത്യക്ക് മുന്നില്‍വെച്ചത് 269 റണ്‍സ് വിജയലക്ഷ്യമായിരുന്നു. 49.2 ഓവറില്‍ 268 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങില്‍ ഇന്ത്യക്ക് ഒരു വിക്കറ്റ് മാത്രമാണ് നഷ്ടമായത്. നായകന്‍ യാഷ് ദളും തകര്‍ത്തടിച്ചു. 16 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു ഹര്‍നൂറിന്റെ ഇന്നിങ്സ്.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയ്ക്ക് മികച്ച സ്‌കോര്‍ നല്‍കിയത് 18കാരന്‍ നായകന്‍ കോണോലിയുടെ സെഞ്ച്വറി മികവാണ്. 18 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു കോണോലിയുടെ ഇന്നിങ്സ്. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ വെസ്റ്റ് ഇന്‍ഡീസ് നേരിടും. ജനുവരി 15 ന് ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി.

വെസ്റ്റ് ഇന്‍ഡീസിലാണ് ഇത്തവണ അണ്ടര്‍ 19 ലോകകപ്പ് നടക്കുന്നത്. സന്നാഹ മത്സരങ്ങളെല്ലാം പൂര്‍ത്തിയായതിനാല്‍ ഇനി കിരീടത്തിനായുള്ള പോരാട്ടമാണ് നടക്കാനുള്ളത്. 16 ടീമുകളാണ് അണ്ടര്‍ 19 ലോകകപ്പില്‍ പങ്കെടുക്കുന്നത്. കോവിഡിനെ തുടര്‍ന്ന് ന്യൂസിലന്റ് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയിരുന്നു. പകരം സ്‌കോട്ട്ലന്‍ഡിനാണ് അവസരം ലഭിച്ചത്.