സിംബാബ്‌വെയെ പിച്ചിചീന്തി; ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം

അണ്ടര്‍ 19 ലോകകപ്പില്‍ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം. ദുര്‍ബലരായ സിംബാബ്‌വെയെ 10 വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യന്‍ ഓപ്പണിംഗ് നിരയുടെ മികച്ച ബാറ്റിംഗാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സിംബാബ്‌വെ 48.1 ഓവറില്‍ 154 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ റോയുടേയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അഭിഷേക് ശര്‍മ്മയുടേയും അര്‍ഷ്ദീപ് സിംഗിന്റേയും തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് സിംബാബ്‌വെയെ ചുരങ്ങിയ സ്‌കോറിന് കെട്ടുകെട്ടിച്ചത്.

7.1 ഓവറില്‍ കേവലം 20 റണ്‍സ് മാത്രം വഴങ്ങിയാണ് റോയ് നാല് വിക്കറ്റ് വീഴ്ത്തിയത്. അര്‍ഷ്ദീപ് ആകെ വെറും 10 റണ്‍സ് മാത്രം വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ക്കിയത്. 36 റണ്‍സെടുത്ത ശുംഭയും 30 റണ്‍സെടുത്ത മദ്വേരയുമാണ് സിംബാബ്‌വെ നിരയില്‍ അല്‍പമെങ്കിലും പിടിച്ചു നിന്നത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ അനായാസം ജയത്തിലെത്തുകയായിരുന്നു. 90 റണ്‍സുമായി ശുബ്മാന്‍ ഗില്ലും 56 റണ്‍സുമായി ദേശായിയും പുറത്താകാതെ നിന്നു. 59 പന്തില്‍ 14 ഫോറും ഒരു സിക്‌സും സഹിതമാണ് ഗില്‍ 90 റണ്‍സെടുത്തത്. 73 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതമാണ് ദേശായിയുടെ ഇന്നിംഗ്‌സ്.

ഓപ്പണിംഗ് സ്ഥാനത്ത് നായകന്‍ പൃത്ഥി ഷായെ മാറ്റിയ ദ്രാവിഡിന്റെ തന്ത്രം പ്രത്യേക ശ്രദ്ധേയമായി.