രോഹിത്തോ കോഹ്‌ലിയോ അല്ല, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ ട്രംപ് കാര്‍ഡ് മറ്റൊരാളെന്ന് ഗാംഗുലി

2025-ല്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് തുടര്‍ച്ചയായ മൂന്നാം തവണയും യോഗ്യത നേടുന്നതിനായി ഇന്ത്യ കിവീസിനെയും പിന്നാലെ ഓസീസിനെയും നേരിടാന്‍ ഒരുങ്ങുകയാണ്. അതില്‍ തന്നെ അവരുടെ ഏറ്റവും വലിയ പോരാട്ടം ഓസ്ട്രേലിയയ്ക്കെതിരെയാകും. രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും പരമ്പരയില്‍ ടീം ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് താരങ്ങളായിരിക്കും. എന്നിരുന്നാലും, ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി തികച്ചും വ്യത്യസ്തമായ ഒരു കളിക്കാരനെയാണ് പരമ്പരയില്‍ ഇന്ത്യയുടെ ട്രംപ് കാര്‍ഡായി തിരഞ്ഞെടുത്തത്.

ഋഷഭ് പന്ത് ടെസ്റ്റിലെ മികച്ച കളിക്കാരനാണെന്നും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ ട്രംപ് കാര്‍ഡ് അദ്ദേഹമാണെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ഋഷഭ് പന്ത് അടുത്തിടെ ബംഗ്ലാദേശിനെതിരെ 634 ദിവസങ്ങള്‍ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തി. കൂടാതെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറിയും നേടി. ‘അദ്ദേഹം (ഋഷഭ് പന്ത്) ടെസ്റ്റിലെ മികച്ച കളിക്കാരനാണ്. പരമ്പരയില്‍ അദ്ദേഹം ഇന്ത്യയുടെ തുറുപ്പുചീട്ടായിരിക്കും,’ ഗാംഗുലി പറഞ്ഞു.

നവംബറില്‍ ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ പരമ്പരയും ഡബ്ല്യുടിസി ഫൈനലിന് ശേഷമുള്ള ഇംഗ്ലണ്ട് പര്യടനവും ടീമിന് ഏറ്റവും നിര്‍ണായകമായ രണ്ട് പരമ്പരകളായിരിക്കുമെന്നും സൗരവ് ഗാംഗുലി പറഞ്ഞു. വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ അനായാസം തോല്‍പ്പിക്കുമെന്നും അദ്ദേഹം കരുതുന്നു. ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര നവംബര്‍ 16-ന് ആരംഭിക്കും.

ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (സി), ജസ്പ്രീത് ബുംറ (വിസി), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത് (ഡബ്ല്യുകെ), ധ്രുവ് ജുറെല്‍ (ഡബ്ല്യുകെ), രവിചന്ദ്രന്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.

ട്രാവലിംഗ് റിസര്‍വ്: ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, മായങ്ക് യാദവ്, പ്രസിദ് കൃഷ്ണ