ഒടുവില്‍ അത് സംഭവിക്കുന്നു!, സിഡ്നി ടെസ്റ്റിന് ശേഷം രോഹിത് വിരമിക്കും- റിപ്പോര്‍ട്ട്

സിഡ്നി ടെസ്റ്റിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ റെഡ് ബോള്‍ ഫോര്‍മാറ്റില്‍നിന്നും വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024-25 ലെ സിഡ്നിയിലെ അവസാന ഏറ്റുമുട്ടല്‍ റെഡ്-ബോള്‍ ഫോര്‍മാറ്റിലെ രോഹിത്തിന്റെ അവസാന മത്സരമായിരിക്കും.

തിങ്കളാഴ്ച ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ 184 റണ്‍സിന്റെ നാണംകെട്ട തോല്‍വിക്ക് ശേഷമാണ് രോഹിത് സ്ഥാനമൊഴിയാന്‍ സാധ്യതയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. രോഹിത്തിന് കീഴില്‍ കളിച്ച അവസാന ആറ് ടെസ്റ്റുകളില്‍ ഒന്നിലും ഇന്ത്യ വിജയിച്ചിട്ടില്ല. ബാറ്റ് കൊണ്ടും മാസങ്ങളായി ഇന്ത്യന്‍ ഓപ്പണറുടെ പ്രകടനം ദയനീയമാണ്.

ന്യൂസിലന്‍ഡ് പരമ്പരയില്‍ ആറ് ഇന്നിംഗ്‌സുകളിലായി 15.16 ശരാശരിയില്‍ ഒരു ഫിഫ്റ്റി പ്ലസ് സ്‌കോറിനൊപ്പം 91 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ഇപ്പോള്‍ നടക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍, അഞ്ച് ഇന്നിംഗ്സുകളില്‍ ബാറ്റ് ചെയ്ത അദ്ദേഹത്തിന് 6.20 ശരാശരിയില്‍ 31 റണ്‍സ് മാത്രമേയുള്ളൂ. 10 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

202425ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യയുടെ ഏക വിജയം പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റിലായിരുന്നു. അന്ന് രോഹിതിന്റെ അഭാവത്തില്‍ ജസ്പ്രീത് ബുംറയായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. സിഡ്നിയില്‍ നടക്കുന്ന അവസാന മത്സരത്തിനായി കാത്തിരിക്കുന്ന ഇന്ത്യ പരമ്പരയില്‍ പരമ്പര 1-2ന് പിന്നിലാണ്.