ആനന്ദ് മഹീന്ദ്രയുടെ സ്‌നേഹ സമ്മാനം കൈപ്പറ്റി നടരാജന്‍; വിലയേറിയ സമ്മാനം തിരിച്ചും കൊടുത്തു

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ച പുതിയ ഥാര്‍ കൈപ്പറ്റി യുവപേസര്‍ ടി.നടരാജന്‍. സമ്മാനം സ്വീകരിച്ച നടരാജന്‍ ആനന്ദ് മഹീന്ദ്രയോട് നന്ദി പറഞ്ഞതിനൊപ്പം അദ്ദേഹത്തിന് ഗാബ ടെസ്റ്റില്‍ അണിഞ്ഞ ടെസ്റ്റ് ജേഴ്‌സി കൈയൊപ്പിട്ട് സമ്മാനമായി നല്‍കുമെന്നും ട്വിറ്ററില്‍ കുറിച്ചു.

ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയ ആറ് യുവ താരങ്ങള്‍ക്കാണ് പരമ്പര നേട്ടത്തിന് പിന്നാലെ ആനന്ദ് മഹീന്ദ്ര, പുതിയ ഥാര്‍ എസ്‌യുവി സമ്മാനമായി പ്രഖ്യാപിച്ചത്. നടരാജന് പുറമെ മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ ഠാക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ശുഭ്മാന്‍ ഗില്‍, നവദീപ് സെയ്നി എന്നിവരാണ് മറ്റ് താരങ്ങള്‍.

നെറ്റ് ബോളറായി ഓസ്‌ട്രേലിയയ്ക്ക് വിമാനം കയറിയ നടരാജന്‍ ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ചാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. സീനിയര്‍ താരങ്ങള്‍ പരിക്കേറ്റ് പുറത്തായതോടെയാണ് നടരാജന് ടീമില്‍ ഇടം കിട്ടിയത്. കിട്ടിയ അവസരം മികച്ച രീതിയില്‍ മുതലാക്കിയ നടരാജന്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്.

Anand Mahindra to personally gift SUVs to 6 Team India players

Read more

ഓസ്‌ട്രേലിയയില്‍ നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ മത്സരം ദയനീയമായി തോറ്റ ഇന്ത്യ അജിങ്ക്യ രഹാനെയ്ക്ക് കീഴില്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്. പരമ്പരയില്‍ യുവതാരങ്ങളുടെ പ്രകടനം ഏറെ നിര്‍ണായകമായിരുന്നു.