ഇന്ത്യയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ ശ്രീലങ്കയ്ക്ക് ‘വളരെ വലിയ പ്രതീക്ഷ’ ഉണ്ടെന്ന് എംഎസ് ധോണിയുടെ വിശ്വസ്ത താരവും ശ്രീലങ്കയുടെ സ്റ്റാർ പേസറുമായ മതീശ പതിരണ വിശ്വസിക്കുന്നു. ദ്വീപ് രാഷ്ട്രത്തിന് ഇന്ത്യയെ അട്ടിമറിക്കാനുള്ള കഴിവ് ഉണ്ടെന്നാണ് പതിരണ പറഞ്ഞിരിക്കുന്നത്.
വനിന്ദു ഹസരംഗ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചതോടെ, മിഡിൽ ഓർഡർ ബാറ്റർ ചരിത് അസലങ്കയെ ശ്രീലങ്ക ടീമിൻ്റെ പുതിയ ക്യാപ്റ്റനായി നിയമിച്ചു. ശ്രീലങ്കയുടെ മുഴുവൻ സമയ ക്യാപ്റ്റനെന്ന നിലയിൽ അസലങ്കയുടെ ആദ്യ പരമ്പരയാണിത്. ടൂർണമെൻ്റിൻ്റെ സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടാനാകാത്തതിനാൽ 2024 ലെ ടി20 ലോകകപ്പിൽ ശ്രീലങ്കയ്ക്ക് നിരാശാജനകമായ കാമ്പെയ്ൻ ആയിരുന്നു കടന്നുപോയത്. ഇന്ത്യക്ക് എതിരെ കളിക്കുന്ന ലങ്കൻ ടീമിന് ആരും സാധ്യതകൾ കൊടുക്കുന്നില്ല.
തൻ്റെ ടീം ഇന്ത്യയ്‌ക്കെതിരെ കടുത്ത പോരാട്ടം നടത്തുമെന്ന് ഫാസ്റ്റ് ബൗളർ മതീശ പതിരണ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്‌പോർട്‌സ്‌സ്റ്റാറിനോട് സംസാരിക്കുമ്പോൾ, അവർ ഇപ്പോൾ ഒരു പുതിയ പരിശീലകനും പുതിയ ടീമുമായി വരുന്നതിനാൽ ഇന്ത്യയുടെ കോമ്പിനേഷൻ വ്യത്യസ്തമായിരിക്കാമെന്ന് പതിരണ കണക്കുകൂട്ടി.
“ഇതൊരു നല്ല വെല്ലുവിളിയായിരിക്കുമെന്ന് ഞാൻ കരുതുന്നു. പുതിയ പരിശീലകനും പുതിയ കളിക്കാരുമായി ഇന്ത്യ വരുന്നു; അവരുടെ കോമ്പിനേഷൻ അല്പം വ്യത്യസ്തമായിരിക്കും. എന്നാൽ അവർ ലോക ചാമ്പ്യൻമാരായതിനാൽ ഇത് ഞങ്ങൾക്ക് ഒരു നല്ല വെല്ലുവിളിയാകും, ”പതിരണ പറഞ്ഞു.
ടി20 ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും ശ്രീലങ്കയ്ക്ക് മികച്ച ടീമുണ്ടെന്ന് ലസിത് മലിംഗയുടെ പ്രതിരൂപമായി കാണുന്ന യുവ ഫാസ്റ്റ് ബൗളർക്ക് തോന്നി. ശ്രീലങ്കയ്ക്ക് ഇവിടെ ഒരു പരമ്പര ജയിക്കാനായാൽ അത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
“ഞങ്ങൾക്ക് വളരെ നല്ല ടീമുണ്ട്, ധാരാളം കഴിവുകൾ ഉണ്ട്. നിർഭാഗ്യവശാൽ, ടി20 ലോകകപ്പിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാനായില്ല. എന്നാൽ ഈ പരമ്പര ജയിക്കാനായാൽ, അടുത്ത മൂന്ന് വർഷത്തേക്ക് അത് ആത്മവിശ്വാസം വർദ്ധിപ്പിക്കും, ”21 കാരൻ കൂട്ടിച്ചേർത്തു.