നാണം കെട്ട് വീണ്ടും കോഹ്ലി; സെഞ്ച്യൂറിയനില്‍ ഇന്ത്യ കൂറ്റന്‍ തോല്‍വിയിലേക്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്്ക്ക് ബാറ്റിങ് തകര്‍ച്ച. 35 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായി. മുരളി വിജയ്, ലോകേഷ് രാഹുല്‍, വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആദ്യ ഇന്നിങ്‌സില്‍ 153 റണ്‍സെടുത്ത് കോഹ്ലിയിലായിരുന്നു ആരാധകര്‍ക്ക് മുഖ്യമായും പ്രതീക്ഷയര്‍പ്പിച്ചിരുന്നത്.

എന്നാല്‍, 26ാം റണ്‍സില്‍ ടീം നില്‍ക്കെ ലുങ്കിസാനി എങ്ഡിയുടെ ബോളില്‍ കോഹ്ലി എല്‍ബിഡബ്ല്യുവായി. നേരത്തെ അമ്പയര്‍മാര്‍ക്കെതിരേ ചൂടായതിന് കോഹ്ലിക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പിഴ വിധിച്ചിരുന്നു. നേരത്തെ കോഹ്ലി ഫോമിലെത്തിയില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണമെന്ന ആവശ്യം മുന്‍താരം വീരേന്ദര്‍ സേവാഗ് ഉന്നയിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയുടെ യുവ ബോളര്‍ ലുങ്കിസാനി എങ്ഡി രണ്ട് വിക്കറ്റുകള്‍ നേടി ഇന്ത്യന്‍ മുന്നറ്റത്തെ വിറപ്പിച്ചു. പാര്‍ഥിവ് പട്ടേലും ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.

നേരത്തെ വലിയ ലീഡ് ലക്ഷ്യമാക്കി കുതിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയെ മുഹമ്മദ് ഷമിയും ബുംമ്രയും ഇഷാന്ത് ശര്‍മയും ചേര്‍ന്ന് എറിഞ്ഞിടുകയായിരുന്നു. ഇന്ത്യന്‍ പേസ് ആക്രമണത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 258 റണ്‍സിന് പുറത്തായി.

ദക്ഷിണാഫ്രിക്കയുടെ അവസാന അഞ്ചു വിക്കറ്റുകള്‍ 49 റണ്‍സിനാണ് നിലംപൊത്തിയത്. ഷമി നാലു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബുംമ്ര മൂന്നും ഇഷാന്ത് രണ്ടും വിക്കറ്റ് വീഴ്ത്തി. അര്‍ധ സെഞ്ചുറി നേടിയ എബി ഡി വില്ലേയ്ഴ്സും (80) ഡീന്‍ എല്‍ഗാറും (61) അവസാനംവരെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഡുപ്ലസിയുമാണ് (48) ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

ഇന്ത്യന്‍ പേസ് ആക്രമണത്തെ ശക്തമായി ചെറുത്തുനിന്ന മധ്യനിര പുറത്തായതിനു ശേഷം ചീട്ടുകൊട്ടാരംപോലെ വാലറ്റം തകര്‍ന്നടിയുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 11 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ മുരളി വിജയിയും (9) കെ.എല്‍ രാഹുലുമാണ് (2) ക്രീസില്‍.