ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോക കപ്പോടെ ഇന്ത്യന്‍ ടീം ഒഴിയാനുള്ള ഒരുക്കത്തിലാണ് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയും സംഘവും. രവി ശാസ്ത്രി സ്ഥാനം ഒഴിഞ്ഞാല്‍ ആ സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് എത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും ദേശീയ അക്കാദമി ചെയര്‍മാനായി തുടരുമെന്ന് താരം അറിയിച്ചതോടെ പരിശീലകനായുള്ള ചര്‍ച്ചകള്‍ വീണ്ടും ചൂടു പിടിച്ചിരിക്കുകയാണ്.
ദ്രാവിഡല്ലെങ്കില്‍ ആര് എന്ന ചോദ്യം ഉയരുമ്പോള്‍, പകരം പ്രധാനമായും രണ്ട് പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് ഇതിലൊരാള്‍. നേരത്തെ തന്നെ ഇന്ത്യയുടെ പരിശീലകനാവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ള താരമാണ് സെവാഗ്. ഐ.പി.എല്ലില്‍ പഞ്ചാബ് കിംഗ്സിന്റെ പരിശീലകനായി സെവാഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാലന്ന് ടീമിനൊപ്പം ഒരു മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല.
നിലവിലെ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായ വിക്രം റാത്തോറാണ് പരിശീലക സ്ഥാനത്തേക്ക് സാദ്ധ്യതയുള്ള മറ്റൊരാള്‍. കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയ്ക്ക് കീഴിലുള്ള ഇന്ത്യന്‍ ടീമിനെ നന്നായി അറിയാവുന്ന റാത്തോറിന് നിലവിലെ ടീം ഘടനയുമായി മുന്നോട്ട് പോകാന്‍ എളുപ്പമായിരിക്കും. പുതിയൊരു പരിശീലകനെത്തിയാല്‍ നിലവിലെ പദ്ധതികളില്‍ വലിയ മാറ്റങ്ങളുണ്ടാകും എന്നത് നിലവില്‍ ടീമിനൊപ്പമുള്ള റാത്തോറിന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.