ഇന്ത്യ ഒന്നും അല്ല, ഏറ്റവും മികച്ച ടീം അവന്മാരാണ്; തോൽപ്പിക്കാൻ പലരും നോക്കിയാലും നടക്കില്ല: നവ്‌ജ്യോത് സിംഗ് സിദ്ധു

ഐസിസി ചാമ്പ്യൻസ് ട്രോഫി 2025-ൽ ഓസ്‌ട്രേലിയ അവരുടെ അഞ്ച് മുൻനിര ക്രിക്കറ്റ് താരങ്ങളില്ലാതെയാണ് കളിക്കുന്നത്. പാറ്റ് കമ്മിൻസ്, ജോഷ് ഹേസിൽവുഡ്, മിച്ചൽ മാർഷ് എന്നിവർ പരിക്കുമൂലം പുറത്തായിരുന്നു, അതേസമയം മിച്ചൽ സ്റ്റാർക്ക് വ്യക്തിപരമായ കാരണങ്ങളാൽ ടൂർണമെൻ്റിൽ നിന്ന് വിട്ടുനിന്നു. ടീമിലിടം കിട്ടിയ മാർക്കസ് സ്റ്റോയിനിസ് എല്ലാവരെയും അത്ഭുതപ്പെടുത്തി ടൂർണമെന്റിന് തൊട്ട് മുമ്പ് വിരമിക്കൽ പ്രഖ്യാപിക്കുക ആയിരുന്നു.

ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ ബൗളർമാർ 351 റൺസ് വഴങ്ങിയെങ്കിലും വളരെ എളുപ്പത്തിൽ ഓസ്ട്രേലിയ ജയിച്ചു കയറുക ആയിരുന്നു. ജോഷ് ഇംഗ്ലിസ് തകർപ്പൻ സെഞ്ച്വറി നേടുകയും അലക്സ് കാരി, ഗ്ലെൻ മാക്സ്വെൽ എന്നിവരുമായി പ്രധാനപ്പെട്ട കൂട്ടുകെട്ടുകൾ പങ്കിടുകയും ചെയ്തു. ഫെബ്രുവരി 25ന് റാവൽപിണ്ടിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഓസ്‌ട്രേലിയ ഇനി കളിക്കുക. കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച് മികച്ച ഫോമിലാണ് സൗത്താഫ്രിക്കയും.

മുൻ ഇന്ത്യൻ താരം നവ്‌ജ്യോത് സിംഗ് സിദ്ധു ഓസ്‌ട്രേലിയയെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ്. ഐസിസി ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീം അവർ ആണെന്നും സൂപ്പർ താരങ്ങളുടെ സാന്നിധ്യമില്ലാതെ ഏത് എതിരാളിയെയും തോൽപ്പിക്കാൻ ഓസ്‌ട്രേലിയക്ക് കഴിയുമെന്നും അദ്ദേഹം കരുതുന്നു.

“മത്സരങ്ങൾ ജയിക്കാൻ ശേഷിയുള്ള താരങ്ങളാണ് ഓസ്‌ട്രേലിയയിൽ കൂടുതൽ. അവർ തോൽക്കുമെന്ന് ഭയപ്പെടുന്നില്ല. അവർ സമ്മർദത്തിൻകീഴിൽ തിളങ്ങുന്നു, ഒരു ഓസ്‌ട്രേലിയൻ ടീം ഒരു ചേസിൻ്റെ സമയത്ത് സമ്മർദ്ദത്തോടെ കളിക്കുന്നത് ഞാൻ കണ്ടിട്ടില്ല . അവരുടെ കളിക്കാർ മത്സരങ്ങൾ വിജയിക്കാനുള്ള വഴികൾ കണ്ടെത്തുന്നു, നിങ്ങൾ അവർക്ക് ഒരു ചെറിയ ഓപ്പണിംഗ് നൽകിയാൽ, നിങ്ങളെ തോൽപ്പിക്കാൻ അവർക്ക് കഴിയും.”

“അവർക്ക് അഞ്ച് കളിക്കാരില്ല, പക്ഷേ ഇംഗ്ലണ്ടിനെതിരെ ഒരു ചാമ്പ്യൻ ടീമിനെപ്പോലെയാണ് അവർ കളിച്ചത്. ഐസിസി ടൂർണമെൻ്റുകളുടെ കാര്യം വരുമ്പോൾ, ഓസ്‌ട്രേലിയ തോൽക്കാത്ത ടീമായി മാറും, ”അദ്ദേഹം പറഞ്ഞു.

Read more