ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ രണ്ടാം ദിനത്തിൽ ഓസ്‌ട്രേലിയയെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യൻ പട. 67/7 എന്ന നിലയിൽ തുടങ്ങിയ ഓസ്‌ട്രേലിയ 104 റൺസിന് പുറത്തായി. ഇന്ത്യക്ക് ഇപ്പോൾ 46 റൺസിന്റെ ലീഡ് ഉണ്ട്. ആദ്യ ഇന്നിങ്സിൽ 150 റൺസിന് പുറത്തായ ഇന്ത്യ മനോഹരമായി തിരിച്ചെത്തുക ആയിരുന്നു.
എറിഞ്ഞ ആദ്യ പന്ത് തന്നെ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ഓസ്‌ട്രേലിയൻ താരമായ അലക്സ് ക്യാരിയുടെ വിക്കറ്റ് നേടിയിരുന്നു. ഇതോടെ ടെസ്റ്റ് കരിയറിൽ 11 ആം തവണ അഞ്ച് വിക്കറ്റ് നേട്ടം ബുംറ കൈവരിച്ചു. പിന്നാലെ വന്ന ഹർഷിത്ത് റാണ നാഥാൻ ലിയോൻറെയും, മിച്ചൽ സ്റ്റാർക്കിന്റെയും വിക്കറ്റുകൾ നേടി ഓസ്‌ട്രേലിയയെ ഞെട്ടിച്ചു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് 112 പന്തിൽ 26 റൺസ് നേടി സ്ഥിരതയാർന്ന ഇന്നിങ്‌സ് നടത്തിയെങ്കിലും ലീഡ് സ്കോർ ഉയർത്താൻ സാധിച്ചില്ല.
രണ്ടാം ദിനം തുടക്കം മുതൽ ക്യാപ്റ്റൻ ബുംറയും, ഹർഷിത്തും സ്പെൽ ഓവറുകൾ ആണ് എറിഞ്ഞത്. ബോളിങ്ങിൽ ജസ്പ്രീത് ബുംറ 5 വിക്കറ്റുകൾ, ഹർഷിത് റാണ 3 വിക്കറ്റ്, മുഹമ്മദ് സിറാജ് 2 വിക്കറ്റ് എന്നിവരാണ് കങ്കാരു പടയെ തകർത്തത്. ഇനി ഇന്ത്യൻ ബാറ്റിംഗ് നിര ഗംഭീര പ്രകടനം കാഴ്ച വെച്ച് മികച്ച ലീഡ് സ്കോർ ഉയർത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.