ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ മാസം 27 മുതല്‍ ആരംഭിക്കാനിരിക്കെ കിരീട ഫേവറിറ്റുകളെ പ്രവചിച്ച് ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ മഹേള ജയവര്‍ധനെ. ആരാധകര്‍ കാത്തിരിക്കുന്നതു പോലെയൊരു ഇന്ത്യ- പാകിസ്താന്‍ ഡ്രീം ഫൈനല്‍ ഉണ്ടാവില്ലെന്നാണ് ജയവര്‍ധനെ പറയുന്നത്.
‘ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഫൈനല്‍ വരില്ല. ഇവരില്‍ ഒരു ടീം മാത്രമേ ഫൈനലില്‍ കടക്കുകയുള്ളൂ. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നീ മൂന്നു ടീമുകള്‍ക്കാണ് മേല്‍ക്കൈയുള്ളത്. ഇവരിലൊരു ടീമായിരിക്കും ഇത്തവണത്തെ ഏഷ്യാ കപ്പ് സ്വന്തമാക്കുകയെന്നു ഞാന്‍ കരുതുന്നു’ ജയവര്‍ധനെ പറഞ്ഞു.
റിഷഭ് പന്തിനെ ഓപ്പണറായി ഇറക്കാമെന്നത് ഇന്ത്യയെ സംബന്ധിച്ച് ഒരു ഓപ്ഷനാണെന്നും ജയവര്‍ധനെ അഭിപ്രായപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റില്‍ ഓപ്പണറായി താരം അധികമൊന്നും പെര്‍ഫോം ചെയ്തിട്ടില്ല. പക്ഷെ ഓപ്പണറായി കളിക്കാനുള്ള ശേഷി റിഷഭിനുണ്ടെന്നും ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെ ദുബായിലും ഷാര്‍ജയിലുമായാണു ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടക്കുന്നത്. 28 ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍.
സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹര്‍.