ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കളിക്കാൻ ഇനി ഇന്ത്യക്ക് മുന്നിൽ അവശേഷിക്കുന്നത് ആ ഒറ്റവഴി മാത്രം

സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ പാകിസ്ഥാനെ തോൽപ്പിച്ച് 2025 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടി ദക്ഷിണാഫ്രിക്ക. ഇത് ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും വെല്ലുവിളിയായി മാറി. നിലവിൽ ഇന്ത്യയും ഓസ്ട്രേലിയും രണ്ടാം ഫൈനലിസ്റ്റായി സ്ഥാനം ഉറപ്പിക്കാനുള്ള പോരാട്ടത്തിലാണ്.

ഓസ്‌ട്രേലിയ ഉയർത്തിയ 340 റൺസെന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. നാലാം ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് ഇതെഴുതുമ്പോൾ മൂന്ന് വിക്കറ്റിന് 65 റൺസെന്ന നിലയിലാണ് ഇന്ത്യ. 36 റൺസുമായി യശസ്വി ജയ്‌സ്വാളും 10 റൺസുമായി ഋഷഭ് പന്തുമാണ് ക്രീസിൽ. അവസാന ദിനം ഇന്ത്യൻ ബാറ്റിങ് നിര തകരുകയാണെങ്കിൽ, ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ അവതാളത്തിലാവും.

മെൽബൺ ടെസ്റ്റ് സമനിലയിൽ അവസാനിച്ചാൽ തന്നെ ഇന്ത്യക്ക് സിഡ്‌നിയിൽ നടക്കുന്ന അവസാന ടെസ്റ്റ് വിജയം അനിവാര്യമാകും. മാത്രമല്ല, ഓസ്‌ട്രേലിയ വരുന്ന ശ്രീലങ്കൻ പര്യടനത്തിൽ കളിക്കുന്ന രണ്ട് ടെസ്റ്റുകളും തോൽക്കുകയും വേണം. ബോർഡർ ഗവാസ്‌കർ ട്രോഫി 1-1 സമനിലയിൽ അവസാനിച്ചാലും ഇന്ത്യക്ക് നേരിയ സാധ്യതയുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ശ്രീലങ്ക 1-0ത്തിന് പരമ്പര സ്വന്തമാക്കണം എന്ന് മാത്രം. 2-0ത്തിന് ശ്രീലങ്ക ജയിച്ചാൽ ശ്രീലങ്ക ഫൈനലിലെത്താൻ സാധ്യതയുണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ കളിച്ചിട്ടുണ്ട്. രണ്ട് തവണയും കപ്പ് നേടാൻ ഇന്ത്യക്കായിരുന്നില്ല. ഇന്ത്യയുടെ ഫൈനൽ മോഹം പൊലിഞ്ഞത് കിവീസ് പരമ്പരയിലൂടെയാണ് എന്ന് പറയേണ്ടി വരും. മൂന്ന് മത്സര പരമ്പര അപ്രതീക്ഷിതമായി ഇന്ത്യ നാണംകെട്ട് തോൽക്കുകയായിരുന്നു. ഈ പരമ്പരയിൽ സ്വന്തം നാട്ടിൽ വെച്ചായിരുന്നു ഇന്ത്യയ്ക്ക് വൈറ്റ് വാഷ് നേരിടേണ്ടി വന്നത് എന്നതാണ് കൂടുതൽ പരിതാപകരം.