എതിരാളികൾക്ക് ഒരു അവസരവും നൽകാതെ ജയിക്കുക, ക്രിക്കറ്റിൽ ആരെങ്കിലും അങ്ങനെ ഒരു മത്സരത്തെക്കുറിച്ച് ചോദിച്ചാൽ ഇത്തവണത്തെ ഏഷ്യാ കപ്പ് മത്സരം അവർക്ക് കാണിച്ച് കൊടുക്കുക, അവർക്ക് വ്യക്തമായ ഉത്തരം കിട്ടും. ശ്രീലങ്കയെ ചിത്രത്തിലെ ഇല്ലാതാക്കിയ ഫൈനൽ മത്സരത്തിൽ ഇന്ത്യക്ക് 10 വിക്കറ്റിന്റെ വമ്പൻ വിജയവും എട്ടാമത്തെ ഏഷ്യാ കപ്പ് കിരീടവും. മുഹമ്മദ് സിറാജും ഹാർദിക് പാണ്ഡ്യയും ബോളിങ്ങിൽ ലങ്കയെ തകർത്തപ്പോൾ ഇന്ത്യൻ ഓപ്പണറുമാരായ ഗില്ലും ഇഷാനും വേഗത്തിൽ മത്സരം തീർത്ത് ലങ്കയുടെ പതനം നേരത്തെ ആക്കുക ആയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക വെറും 51 റൺസ് മാത്രമാണ് എടുത്തത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്ക 15.2 ഓവറിൽ 50 റൺസിന് ഓൾഔട്ടായി. ഏഴോവറിൽ 21 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ലങ്കയെ തകർത്തത്. ഹാർദ്ദിക് പാണ്ഡ്യ 2.2 ഓവറിൽ മൂന്ന് റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ അഞ്ച് ഓവറിൽ 23 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.
17 റൺസെടുത്ത കുശാൽ മെൻഡിസാണ് ലങ്കയുടെ ടോപ് സ്‌കോറർ. ദശൻ ഹേമന്ദ 13 റൺസെടുത്തു. ലങ്കയുടെ അഞ്ച് താരങ്ങൾ അക്കൗണ്ട് തുറക്കും മുമ്പേ പുറത്തായി. ഒരൊറ്റ ഓവറിലാണ് സിറാജ് നാല് പേരെ പുറത്താക്കിയത്. ആ തകർച്ചയിൽനിന്ന് കരകയറാൻ ലങ്കയ്ക്ക് ആയില്ല. വെറും 92 പന്തിൽ ഒരു ഏകദിന ഇന്നിംഗ്സ് അവസാനിച്ചു എന്ന് പറയുമ്പോൾ ഉണ്ട് അതിലെ ആധിപത്യം എത്രത്തോളം ഉണ്ടെന്ന്.
ഇന്ത്യൻ ഓപ്പണറുമാർ കാര്യങ്ങൾ വേഗത്തിലാക്കുക ആയിരുന്നു. ചെറിയ ലക്ഷ്യം മാത്രം ആയതിനാൽ ഇന്ത്യ രോഹിത്തിന് പകരം ഇഷാനെ ഓപ്പണിങ്ങിൽ ഇറക്കി. എന്തായാലും ഗില്ലും ഇഷാനുമൊത്തുള്ള കൂട്ടുകെട്ട് മനോഹരമായി മത്സരം ഫിനിഷ് ചെയ്തു. ഗിൽ 27 റൺസ് എടുത്തപ്പോൾ ഇഷാൻ 23 റൺസ് എടുത്തു.