ഇക്കഴിഞ്ഞ ടി20 ലോക കപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തില്‍ പൂര്‍ണ്ണ അതൃപ്തി പ്രകടപ്പിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കഴിഞ്ഞ 4-5 വര്‍ഷത്തിന് ഇടയില്‍ ഇന്ത്യയില്‍ നിന്ന് വന്ന ഏറ്റവും മോശം പ്രകടനമാണിതെന്നും എന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ഗാംഗുലി പറഞ്ഞു.
‘ഈ വര്‍ഷത്തെ ടി20 ലോക കപ്പ് നമ്മള്‍ കളിച്ച വിധം എന്നെ നിരാശപ്പെടുത്തി. കഴിഞ്ഞ 4-5 വര്‍ഷത്തിന് ഇടയില്‍ ഇന്ത്യയില്‍ നിന്ന് വന്ന ഏറ്റവും മോശം പ്രകടനമാണ് അത്. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല. പൂര്‍ണ സ്വാതന്ത്ര്യത്തോടെ നമ്മള്‍ കളിച്ചതായി എനിക്ക് തോന്നിയില്ല.’
‘ന്യൂസിലാന്‍ഡിനും പാകിസ്ഥാനും എതിരായ മത്സരത്തില്‍ കഴിവിന്റെ 15 ശതമാനം മാത്രമെടുത്ത് നമ്മള്‍ കളിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. അതില്‍ നിന്നെല്ലാം നമ്മള്‍ പഠിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ വര്‍ഷം നമ്മള്‍ കണ്ടതിലും മികച്ച ഫലങ്ങള്‍ അടുത്ത വര്‍ഷം കാണാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.’
‘2017 ചാമ്പ്യന്‍സ് ട്രോഫിയിലും 2019 ലോക കപ്പിലും നമ്മള്‍ നന്നായി കളിച്ചു. 2019 ലോക കപ്പില്‍ നമ്മള്‍ വളരെ മികച്ച് നിന്നു. ഒരു മോശം ദിവസത്തില്‍ നമ്മുടെ രണ്ട് മാസത്തെ കഠിനാധ്വാനം മുഴുവന്‍ പാഴായി’ ഗാംഗുലി പറഞ്ഞു.