CHAMPIONS TROPHY 2025: ഇന്ത്യയുടെ എക്സ് ഫാക്ടർ കോഹ്‌ലിയും രോഹിതും ബുംറയും അല്ല, അത് അവനാണ്; തുറന്നടിച്ച് എബി ഡിവില്ലിയേഴ്‌സ്

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് തയ്യാറെടുക്കുന്ന ഇന്ത്യ ഒരു വർഷത്തിനുള്ളിൽ തങ്ങളുടെ രണ്ടാമത്തെ ഐസിസി ട്രോഫിക്ക് തയ്യാറെടുക്കുകയാണ്. നേരത്തെ 2024 ൽ നടന്ന ടി 20 ലോകകപ്പ് ജയിച്ച ഇന്ത്യക്ക് ചാമ്പ്യൻസ് ട്രോഫി കൂടി ഉയർത്തിയാൽ അത് നൽകുന്ന മധുരം വലുതായിരിക്കും. ടൂർണമെൻ്റിനുള്ള ടീമിനെ ഇതിനകം പ്രഖ്യാപിച്ചു. ജസ്പ്രീത് ബുംറ, വിരാട് കോഹ്‌ലി എന്നിവരെപ്പോലുള്ള പ്രധാന കളിക്കാർ ടീമിനായി മികവ് കാണിക്കുമെന്ന് പറയുമ്പോൾ തന്നെ ദക്ഷിണാഫ്രിക്കൻ മുൻ താരം എബി ഡിവില്ലിയേഴ്‌സ് ഇന്ത്യൻ ടീമിന്റെ എക്‌സ് ഫാക്ടർ വെളിപ്പെടുത്തിയിരിക്കുകയാണ്.

ലെഗ് സ്പിന്നർ കുൽദീപ് യാദവ് ആയിരിക്കും എക്സ് ഫാക്ടർ എന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും നടക്കുന്ന ദുബായിലെ സ്പിൻ സൗഹൃദ പിച്ചുകളിൽ കുൽദീപിന് മികവ് കാണിക്കാൻ കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു. ദുബായിലെ സാഹചര്യങ്ങൾ സ്പിന്നർമാർക്ക് അനുകൂലമാണെന്നും കുൽദീപിൻ്റെ കഴിവ് ഈ സാഹചര്യങ്ങളിൽ തിളങ്ങുമെന്നും ഡിവില്ലിയേഴ്സ് ചൂണ്ടിക്കാട്ടി. ഇന്ത്യ ട്രോഫി ഉയർത്തണം എങ്കിൽ താരം തിളങ്ങിയെ സാധിക്കു എന്നും ദക്ഷിണാഫ്രിക്കൻ താരം ഓർമിപ്പിച്ചു.

പരിക്കിന് ശേഷം ചികിത്സയിൽ കുൽദീപ് യാദവ് ഉടൻ കളത്തിൽ തിരിച്ചെത്തും. പുനരധിവാസത്തിനായി ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചതിനെത്തുടർന്ന് ഈ വർഷമാദ്യം ബോർഡർ-ഗവാസ്കർ ട്രോഫി അദ്ദേഹത്തിന് നഷ്ടമായി. എന്നിരുന്നാലും, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ തൻ്റെ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് സ്റ്റാർ സ്പിന്നർ. അതിനുമുമ്പ്, ഉത്തർപ്രദേശിനെ പ്രതിനിധീകരിച്ച് 2025 രഞ്ജി ട്രോഫിയിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കുൽദീപ് മത്സര ക്രിക്കറ്റിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു.

ടീം : രോഹിത് ശർമ്മ (സി), ശുഭ്മാൻ ഗിൽ (വിസി), കെ എൽ രാഹുൽ, വിരാട് കോലി, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഋഷഭ് പന്ത് (യുകെ), ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, യശസ്വി ജയ്‌സ്വാൾ, കുൽദീപ് യാദവ്.